

വാഷിങ്ടൺ: അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഒഹായോയിലെ സിൻസിനാറ്റിയിലുള്ള വസതിക്ക് നേരെ ആക്രമണം. തിങ്കളാഴ്ച പുലർച്ചെ 12.45-ഓടെയാണ് സംഭവം. അക്രമി വീടിന്റെ ജനലുകൾ തകർക്കുകയും വസ്തുവകകൾക്ക് നാശനഷ്ടമുണ്ടാക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഒഹായോയിലെ വസതിയിലുണ്ടായിരുന്ന സീക്രട്ട് സർവീസ് ഉദ്യോഗസ്ഥരാണ് പുലർച്ചെ വലിയ ശബ്ദം കേട്ട് പരിശോധന നടത്തിയത്. ഒരാൾ വീടിന്റെ ജനൽ ചില്ലുകൾ ചുറ്റിക ഉപയോഗിച്ച് തകർക്കുന്നതും അകത്ത് കടക്കാൻ ശ്രമിക്കുന്നതും ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ ഇയാളെ സീക്രട്ട് സർവീസ് തടഞ്ഞുവെക്കുകയും പിന്നീട് സിൻസിനാറ്റി പോലീസ് എത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
സംഭവസമയത്ത് ജെ.ഡി. വാൻസും കുടുംബവും ഒഹായോയിൽ ഉണ്ടായിരുന്നില്ല. ഞായറാഴ്ച ഉച്ചയോടെ ഇവർ വാഷിങ്ടണിലേക്ക് മടങ്ങിയിരുന്നു. അക്രമി വീടിനുള്ളിൽ പ്രവേശിച്ചിട്ടില്ലെന്നും സീക്രട്ട് സർവീസ് വാഹനത്തിന് കേടുപാടുകൾ വരുത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
പിടിയിലായ വ്യക്തിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. വൈസ് പ്രസിഡന്റിനെയും കുടുംബത്തെയും ലക്ഷ്യമിട്ടാണോ ആക്രമണം നടന്നതെന്ന് എഫ്.ബി.ഐയും സീക്രട്ട് സർവീസും സംയുക്തമായി അന്വേഷിച്ചു വരികയാണ്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി പുതുവത്സര അവധിയോടനുബന്ധിച്ച് വാൻസിന്റെ വീടിന് ചുറ്റുമുള്ള റോഡുകൾ അടക്കം കനത്ത സുരക്ഷയിലായിരുന്നു. വെനിസ്വേലയിലെ യുഎസ് സൈനിക നീക്കത്തിന് തൊട്ടുപിന്നാലെയാണ് വൈസ് പ്രസിഡന്റിന്റെ വസതിക്ക് നേരെ ഇത്തരമൊരു ആക്രമണം നടന്നതെന്നത് സുരക്ഷാ ഏജൻസികൾ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.