

ടോക്കിയോ: തായ്‌വാൻ വിഷയത്തിൽ ചൈനയുമായി വർദ്ധിച്ചു വരുന്ന അഭിപ്രായവ്യത്യാസം ലഘൂകരിക്കാനുള്ള അടിയന്തര നീക്കങ്ങളുമായി ജപ്പാൻ (Japan). ജപ്പാന്റെ പ്രധാനമന്ത്രി സനേ തകൈച്ചി അടുത്തിടെ നടത്തിയ പ്രസ്താവനയാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ പുതിയ തർക്കങ്ങൾക്ക് വഴിവെച്ചത്. തായ്‌വാനിൽ ചൈന നടത്തുന്ന ആക്രമണം ജപ്പാന്റെ നിലനിൽപ്പിന് ഭീഷണിയുണ്ടാക്കിയാൽ, അത് സൈനികമായി പ്രതികരിക്കാൻ ഇടയാക്കുമെന്നായിരുന്നു ജപ്പാൻ പ്രധാന മന്ത്രിയുടെ പരാമർശം.
ചൈനയെ പ്രകോപിപ്പിക്കുന്നത് ഒഴിവാക്കാൻ ജപ്പാന്റെ മുൻ ഭരണകൂടങ്ങൾ പൊതുവിൽ ചർച്ച ചെയ്യാതിരുന്ന വിഷയമാണ് തായ്‌വാൻ. സനേ തകൈച്ചിയുടെ വിവാദ പരാമർശത്തിന് പിന്നാലെ, കിഴക്കൻ ഏഷ്യൻ അയൽരാജ്യത്തേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കാൻ ചൈന തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു, ഇത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിരുന്നു. ഈ സാഹചര്യത്തിൽ, തകൈച്ചിയുടെ പ്രസ്താവന ജപ്പാന്റെ സുരക്ഷാ നയത്തിൽ മാറ്റം വരുത്തുന്നതിനെ സൂചിപ്പിക്കുന്നില്ലെന്ന് ചൈനയെ ബോധ്യപ്പെടുത്തുന്നതിനായി ജപ്പാൻ വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥൻ മസാകി കനായ് ഈ ആഴ്ച ബീജിംഗിലേക്ക് യാത്ര തിരിക്കും. നിലവിൽ ചൈന ബന്ധം കൂടുതൽ വഷളാക്കുന്ന നടപടികളിൽ നിന്ന് പിന്മാറൻ ഒരുങ്ങുകയാണ് ജപ്പാൻ. ഇരു രാജ്യങ്ങൾക്കും തന്ത്രപരമായി പ്രയോജനകരമായ ബന്ധം പ്രോത്സാഹിപ്പിക്കാനുള്ള യാത്ര തടസ്സം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
തകൈച്ചിയുടെ പരാമർശത്തിന് പിന്നാലെ, 'ഇടപെടുന്ന വൃത്തികെട്ട കഴുത്ത് മുറിച്ചു മാറ്റണം' എന്ന് ഒസാക്കയിലെ ചൈനീസ് കോൺസൽ ജനറൽ എക്സിൽ കുറിച്ചത് പിൻവലിച്ചിരുന്നുവെങ്കിലും, ഇതിൽ ജപ്പാൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇതിന് മറുപടിയായി, തായ്‌വാൻ വിഷയത്തിൽ ഇടപെട്ടാൽ ജപ്പാന് 'തകർപ്പൻ' സൈനിക പരാജയം നേരിടേണ്ടിവരുമെന്ന് ചൈന മുന്നറിയിപ്പ് നൽകിയിരുന്നു. തായ്‌വാൻ പ്രസിഡൻ്റ് ലായ് ചിംഗ്-ടെ, ചൈന ജപ്പാനെതിരെ 'ബഹുമുഖ ആക്രമണം' നടത്തുകയാണെന്ന് ആരോപിക്കുകയും പ്രാദേശിക സമാധാനത്തിനായി സംയമനം പാലിക്കാൻ ചൈനയോട് ആവശ്യപ്പെടുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിൽ തർക്കം രൂക്ഷമായതോടെ, ജപ്പാനിലേക്ക് വരുന്ന ചൈനീസ് സന്ദർശകരുടെ എണ്ണത്തിലുണ്ടാകാൻ കുറവ് രേഖപ്പെടുത്തി. ഇത് കൂടാതെ
ജപ്പാനിലെ റീട്ടെയിൽ മേഖലകളുമായി ബന്ധപ്പെട്ട ഓഹരികൾക്ക് കനത്ത തിരിച്ചടി നേരിട്ടു. ഈ ആഴ്ച ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി തകൈച്ചിയും ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്ങും തമ്മിൽ നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും ഇത് നിലവിലെ സംഘർഷം ലഘൂകരിക്കാൻ സഹായകമായേക്കുമെന്നും പ്രതീക്ഷിക്കുന്നു.
The row between Japan and China over Taiwan has escalated following Japanese Prime Minister Sanae Takaichi's comment that a Chinese attack on the island could trigger a Japanese military response. Japan's foreign ministry is dispatching an envoy to Beijing this week to try and de-escalate the situation and clarify that Takaichi's remarks do not signal a policy shift.