

ടോക്കിയോ: 2011-ലെ ഫുകുഷിമ ആണവ ദുരന്തത്തെത്തുടർന്ന് അടച്ചുപൂട്ടിയ ലോകത്തിലെ ഏറ്റവും വലിയ ആണവോർജ്ജ നിലയമായ കാശിവാസാക്കി-കരിവ (Kashiwazaki-Kariwa) ജപ്പാൻ വീണ്ടും തുറക്കുന്നു. നീഗറ്റ പ്രവിശ്യാ സർക്കാരാണ് നിലയം ഭാഗികമായി തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയത്. പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും ഊർജ്ജ ഇറക്കുമതി ചെലവ് നിയന്ത്രിക്കാനുമാണ് ജപ്പാന്റെ പുതിയ നീക്കം.
ജപ്പാൻ പ്രധാനമന്ത്രി സനേ തകായ്‌ച്ചിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ, രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ആണവനിലയങ്ങൾ പുനരാരംഭിക്കാൻ തീരുമാനിച്ചത്. ഫുകുഷിമ ദുരന്തത്തിന് ശേഷം ജപ്പാനിലെ 54 റിയാക്ടറുകൾ നിർത്തലാക്കിയിരുന്നു. ഇതിൽ പ്രവർത്തിക്കാൻ സജ്ജമായ 33 നിലയങ്ങളിൽ 14 എണ്ണം ഇതിനകം തുറന്നുകഴിഞ്ഞു. കാശിവാസാക്കി-കരിവ നിലയത്തിലെ ആദ്യ റിയാക്ടർ ജനുവരി 20-ഓടെ പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലയം തുറക്കാനുള്ള തീരുമാനത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ജപ്പാനിൽ നടക്കുന്നത്. ഫുകുഷിമ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവരും പരിസ്ഥിതി പ്രവർത്തകരും ഉൾപ്പെടെ മുന്നൂറോളം പേർ നീഗറ്റ ഗവൺമെന്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. ഫുകുഷിമ നിലയം പ്രവർത്തിപ്പിച്ചിരുന്ന ടോക്കിയോ ഇലക്ട്രിക് പവർ കമ്പനി (TEPCO) തന്നെയാണ് ഈ നിലയവും പ്രവർത്തിപ്പിക്കുന്നത് എന്നതും ജനങ്ങളിൽ ആശങ്ക വർദ്ധിപ്പിക്കുന്നു.
Japan is preparing to restart the world's largest nuclear power plant, Kashiwazaki-Kariwa, 15 years after the Fukushima disaster led to a nationwide shutdown. The local government in Niigata approved the move as Prime Minister Sanae Takaichi pushes for nuclear energy to reduce reliance on costly fossil fuel imports. However, the decision has sparked significant public protests from Fukushima survivors and activists concerned about safety risks.