

ടോക്കിയോ: ജപ്പാനിൽ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് എക്സ്പ്രസ് വേയിൽ 50-ലേറെ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 26 പേർക്ക് പരിക്കേറ്റു. ടോക്കിയോയിൽ നിന്ന് 160 കിലോമീറ്റർ അകലെയുള്ള മിനകാമി നഗരത്തിലെ കൻ-എസ്തു (Kan-etsu) എക്സ്പ്രസ് വേയിൽ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം.
റോഡിലെ കനത്ത മഞ്ഞിൽ രണ്ട് ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ചതാണ് അപകടങ്ങളുടെ പരമ്പരയ്ക്ക് തുടക്കമിട്ടത്. മഞ്ഞ് മൂടിക്കിടന്ന റോഡിൽ കാഴ്ച പരിധി കുറഞ്ഞതും ബ്രേക്ക് നഷ്ടമായതും കാരണം പിന്നാലെ വന്ന കാറുകൾ ഒന്നൊന്നായി ട്രക്കുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതിന് പിന്നാലെ തീപിടുത്തം ഉണ്ടായതാണ് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചത്.
വാഹനങ്ങൾക്ക് തീപിടിച്ചതിനെത്തുടർന്ന് പ്രദേശം പുക കൊണ്ട് മൂടി. ഏകദേശം ഏഴ് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേനയ്ക്ക് തീയണയ്ക്കാനായത്. അപകടത്തിൽ 77 വയസ്സുള്ള ഒരു സ്ത്രീ മരിക്കുകയും 26 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിൽ അഞ്ച് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
വെള്ളിയാഴ്ച കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി വലിയ തിരക്കാണ് എക്സ്പ്രസ് വേയിൽ അനുഭവപ്പെട്ടത്. അപകടത്തെത്തുടർന്ന് കൻ-എസ്തു എക്സ്പ്രസ് വേ താൽക്കാലികമായി അടച്ചു. റോഡിലെ മഞ്ഞും തകർന്ന വാഹനങ്ങളും നീക്കം ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണ്.