

പകൽ ഒരിക്കലും അവസാനിക്കരുതെന്ന് ഒരു പട്ടണം മുഴുവൻ ആഗ്രഹിക്കുന്നു. ആ പട്ടണത്തിലെ മനുഷ്യർക്ക് ഇരുട്ടിനെ പേടിയായിരുന്നു. സന്ധ്യ മയങ്ങി ഇരുട്ട് വീഴാൻ തുടങ്ങിയാൽ പിന്നെ പട്ടണത്തിൽ നിശബ്ദത പരക്കുന്നു. രാത്രികാലങ്ങളിൽ ആരും വീട് വിട്ട് പുറത്തു പോകാറില്ല. ഇരുട്ടിനെ അവർ വല്ലാതെ ഭയന്നിരുന്നു. രാത്രികളിൽ പുറത്തിറങ്ങിയാൽ ആരോ അവരെ അപായപ്പെടുത്തുവാൻ ശ്രമിക്കുമെന്ന് പേടിയായിരുന്നു. ഇരുട്ടിൻ്റെ മറവിൽ ഒളിഞ്ഞിരുന്ന തൻ്റെ ഇരകളെ നിഷ്കരുണം കൊല്ലുന്ന ജാക്ക് (Jack the Ripper) എന്ന അപരനാമത്തിൽ അറിയപ്പെട്ട കൊലയാളിയെ ആയിരുന്നു ആ ജനത മുഴുവൻ ഭയപ്പെട്ടിരുന്നത്. ജാക്ക് ദി റിപ്പർ എന്ന പേരുകേട്ടാൽ ലണ്ടനിലെ വൈറ്റ്ചാപ്പൽ പട്ടണത്തിലെ ജനങ്ങളുടെ രക്തം മരവിക്കുമായിരുന്നു. ലണ്ടൻ തെരുവുകളിൽ തേർവാഴ്ച്ച നടത്തിയ അജ്ഞാത കൊലയാളിയായിരുന്നു ജാക്ക് ദി റിപ്പർ. 1800 കളുടെ അവസാനത്തിൽ ലണ്ടൻ ജനതയെ തന്നെ ഭീതിയിൽ ആഴ്ത്തിയ കൊലപാതക പരമ്പരകളും ഇന്നും യാതൊരു തുമ്പും അവശേഷിപ്പിക്കാത്ത കൊലയാളിയും.
1888 നും 1890 നും ഇടയിൽ വൈറ്റ്ചാപ്പൽ പട്ടണത്തിൽ നിരവധി ലൈംഗികത്തൊഴിലാളികളായ സ്ത്രീകൾ കൊല്ലപ്പെടുന്നു. ഇവയിൽ അഞ്ച് കൊലപാതകങ്ങൾ സമാന രീതിയിലായിരുന്നു. ഈ സമാനതകളാണ് ജാക്ക് ദി റിപ്പർ എന്ന കൊലയാളിയിലേക്ക് വിരൽ ചൂണ്ടിയത്. സമാനരീതിയിൽ ഒരു കാലയളവിലായിരുന്നു ഈ അഞ്ച് സ്ത്രീകളും കൊല്ലപ്പെട്ടത്.
1888 ഓഗസ്റ്റ് 30, പുലർച്ചെ 3. 45 ഓടെ ബക്‌സ് റോയിലെ ഗേറ്റ്‌വേയിൽ നിന്നും ഒരു സ്ത്രീയുടെ ശവ ശരീരം കണ്ടെത്തുന്നു. ആകെ വെട്ടിമുറിച്ച് വികൃതമാക്കപ്പെട്ട രീതിയിലായിരുന്നു ആ മൃതദേഹം കണ്ടെടുത്തത്. ആരെന്ന് പോലും തിരിച്ചറിയുവാൻ കഴിയാത്ത രീതിയിൽ വെട്ടി മുറിക്കപ്പെട്ട ശരീരം. ബക്‌സ് റോയിലെ ഗേറ്റ്‌വേയുടെ സമീപം ഒരു സ്ത്രീ കൊല്ലപ്പെട്ട വിവരം കാട്ടുതീ പോലെ പടർന്നു. സംഭവ സ്ഥലത്തേക്ക് നിരവധി പേർ പാഞ്ഞെത്തി. ആ ശവശരീരം ആരുടേതെന്ന് തിരിച്ചറിയുവാൻ ഏറെ സമയം വേണ്ടിവന്നു. ഒടുവിൽ മേരി ആൻ നിക്കോളാസിന്റേതാണെന്ന് തിരിച്ചറിയുന്നു. മേരിയുടെ ശവ ശരീരം കണ്ടവരെല്ലാം ഞെട്ടി, ഉടലിൽ നിന്നും ഏറെക്കുറെ അറ്റുപോയിരുന്നു തല. മേരിയുടെ ശവ സംസ്കാരം വളരെ രഹസ്യമായാണ് നടത്തിയത്. മേരിയുടെ കൊലപാതകിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
എന്നാൽ വ്യക്തമായ ഒരു തെളിവും സംഭവ സ്ഥലത്ത് നിന്നും ലഭിച്ചില്ല. അന്വേഷണത്തിൻ്റെ ഭാഗമായി വൈറ്റ്ചാപ്പൽ പട്ടണത്തിനും സമീപ പ്രദേശങ്ങളിൽ നിന്നുമായി നിരവധി കുപ്രസിദ്ധ കുറ്റവാളികളെ പൊലീസ് ചോദ്യം ചെയ്യുന്നു, എന്നാൽ ആ നാട് വിറപ്പിച്ച ഗുണ്ടകൾക്ക് പോലും ഇത്രയും ക്രൂരമായി ആരെയും കൊല്ലുവാൻ സാധിക്കില്ലെന്ന് പൊലീസിനും മനസ്സിലായി.
മേരി കൊല്ലപ്പെട്ട് ഏതാനും ദിവസങ്ങൾക്കുള്ളിൽ മറ്റൊരു സ്ത്രീയും കൊല്ലപ്പെടുന്നു. സെപ്തംബർ 8 ന് ആനി ചാപ്പ്മാൻ എന്ന യുവതിയെയും ആരോ കൊലപ്പെടുത്തിയിരിക്കുന്നു. മേരിയുടെ ശരീരത്തിൽ ഉണ്ടായിരുന്നതിന് സമാനമായ മുറിവുകളായിരുന്നു ആനിയുടേയും ശരീരത്തിൽ കണ്ടെത്തിയത്. ആനിയുടെ വയറു പൂർണ്ണമായി കീറിയ നിലയിലായിരുന്നു, അവളുടെ വയറ്റിൽ നിന്നുള്ള മാംസത്തിൻ്റെ ഒരു ഭാഗം ഇടതു തോളിൽ വച്ചിരിക്കുന്നതായും, മറ്റൊരു ഭാഗം തൊലിയും മാംസവും കൂടാതെ അവളുടെ ചെറുകുടലുകളും നീക്കി വലതു തോളിനു മുകളിലായി വച്ചിരിക്കുന്നു.
ഒരു മനുഷ്യ ശരീരത്തെ എങ്ങനെയൊക്കെ വികൃതമാക്കാമോ അങ്ങെനെയൊക്കെയും ആ ശരീരത്തെ വലിച്ച് കീറിയിരുന്നു. ആനിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അവളുടെ ഗർഭാശയവും, അവളുടെ മൂത്രാശയത്തിൻ്റെയും യോനിയുടെയും ഭാഗങ്ങളും നീക്കം ചെയ്തിട്ടുള്ളതായി കണ്ടെത്തി. മേരിയുടെ കൊലപാതകത്തിൻ്റെ ഞെട്ടൽ വിട്ടുമാറുന്നതിന് മുൻപ് തന്നെ ആനിയുടെ മരണ വിവരവും ആ പട്ടണത്തെ ആകെ അമ്പരപ്പിച്ചു. ആനിയുടെ കൊലപാതകത്തിൽ ഏറ്റവും നിർണ്ണായകമായി മാറിയത് ആനി കൊല്ലപ്പെടുന്നതിന് മുൻപ് അവളെ ഒരു പുരുഷനൊപ്പം കണ്ടതായി ഒരാൾ പൊലീസിന് മൊഴി നൽകുന്നു.
"ബ്രൌൺ ഡീൻസ്റ്റാക്കർ തൊപ്പിയും ഇരുണ്ട ഓവർകോട്ടും ധരിച്ച ഇരുണ്ട മുടിയുള്ള ഒരു പുരുഷൻ" ഇതായിരുന്നു പൊലീസിന് ലഭിച്ച വിവരം. പൊലീസിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിക്കുന്നു,തുടർന്ന് നിരവധിപേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നു. എന്നാൽ യാതൊരു തുമ്പും ലഭിക്കുന്നില്ല. തുടരെയുള്ള കൊലപാതക പരമ്പരകളിൽ ജനം ആകെ ഭയന്നിരുന്നു. നാട്ടുകാർ പൊലീസിനെ കുറ്റപ്പെടുത്തുവാൻ തുടങ്ങി. കാര്യക്ഷമതയില്ലാത്ത അന്വേഷണം കാരണമാണ് മേരിക്ക് പിന്നാലെ ആനിയും കൊല്ലപ്പെട്ടതെന്ന് പ്രചരിക്കുവാൻ തുടങ്ങി. തങ്ങളുടെ കഴിവിൻ്റെ പരമാവധി പൊലീസും അന്വേഷണം വിപുലീകരിച്ചു.
ആദ്യത്തെ രണ്ട് കൊലപാതകങ്ങളുടെ ഞെട്ടൽ മാറിയിട്ടുണ്ടായിരുന്നില്ല അതിന് മുൻപ് വൈറ്റ്ചാപ്പലിനെ തേടിയെത്തിയത് രണ്ട് സ്ത്രീകളുടെ കൊലപാതക വാർത്തയായിരുന്നു. ഒന്നിന് പിറകെ ഒന്നായി വന്ന കൊലപാതക വാർത്തകൾ പൊലീസിനെ ഇരുട്ടിലാഴ്ത്തി. പുലർച്ചെ ഒരുമണിയോടെയായിരുന്നു എലിസബത്ത് സ്ട്രൈഡിൻ്റെ മൃതദേഹം കണ്ടുകിട്ടുന്നത്. മുക്കാൽ മണിക്കൂറിനുള്ളിൽ കാതറീൻ എഡ്ഡോസ് എന്ന യുവതിയുടെ മൃതദേഹവും കണ്ടെത്തുന്നു. ലണ്ടൻ നഗരത്തിലെ മീറ്റർ സ്ക്വയറിൻ്റെ ഒരു കോണിൽ നിന്നാണ് എഡ്ഡോസിൻ്റെ മൃതദേഹം കണ്ടെത്തുന്നത്. ഇരുവരും ലൈംഗികത്തൊഴിലാളികളാണ്.
ഈ രണ്ട് കൊലപാതകങ്ങളും ആദ്യം റിപ്പോർട്ട് ചെയ്ത രണ്ട് കൊലപാതകങ്ങൾക്കും സമാനമായിരിക്കുന്നു. എഡ്ഡോസിൻ്റെ ഇടത് വൃക്കയും ഗർഭപാത്രത്തിൻ്റെ പ്രധാന ഭാഗവും നീക്കം ചെയ്ത നിലയിലായിരുന്നു. മുഖം കുത്തിക്കീറി വികൃതമാക്കിയിരുന്നു. അവളുടെ വലതു ചെവിയുടെ ഒരു ഭാഗം പിന്നീട് അവളുടെ വസ്ത്രത്തിൽ നിന്ന് കണ്ടെടുത്തു. എഡ്ഡോസിൻ്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയ പോലീസ് സർജൻ നൽകിയ റിപ്പോർട്ട് പ്രകാരം വികലങ്ങൾ പൂർത്തിയാക്കാൻ "കുറഞ്ഞത് അഞ്ച് മിനിറ്റെങ്കിലും" പ്രതിക്ക് വേണ്ടി വന്നിട്ടുണ്ട്. ഈ കേസിലും ഒരു സുപ്രാധാന സാക്ഷി മൊഴി ലഭിക്കുന്നു. എഡ്ഡോസിൻ്റെ അതേ രൂപസാദൃശ്യമുള്ള സ്ത്രീയോടൊപ്പം ഒരു പുരുഷനെ കണ്ടുവെന്ന്. ആനിയോടൊപ്പം കണ്ടുവെന്ന് പറയപ്പെട്ട അതെ പുരുഷനുമായി ഏറെ രൂപസാദൃശ്യമുള്ള പുരുഷനായിരുന്നു അത്.
കൊലപാതക രീതിയുടെയും സാക്ഷികളുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ കൊലയാളി ഒരാൾ ആണെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേരുന്നു. എന്നാൽ പ്രത്യേകിച്ച് പ്രതിയിലേക്ക് നയിക്കുന്ന യാതൊരു തെളിവും ഈ രണ്ട് കേസുകളിൽ നിന്നും പൊലീസിന് ലഭിക്കുന്നില്ല. പകൽ സുഖസഞ്ചാരിയായി വിലസി രാത്രിയുടെ മറവിൽ മനുഷ്യ ശരീരത്തെ വലിച്ചു കീറുന്ന ജാക്ക് ദി റിപ്പർ എന്ന കൊലയാളിയെ പേടിച്ച് ആ നാട്ടിലെ ജനങ്ങൾ രാത്രി കാലങ്ങളിൽ വീടിന് പുറത്തിറങ്ങാതെയായി. വൈറ്റ്ചാപ്പൽ പട്ടണം രാത്രികാലങ്ങളിൽ ശ്മശാനഭൂമിയായി മാറി. രാത്രി എങ്ങും നിശബ്ദത തെരുവുകളെ വലയം ചെയ്തു.
സെപ്തംബർ 9, മേരി ജെയ്ൻ കെല്ലി എന്ന 25 കാരിയുടെ മരണവിവരമായിരുന്നു വൈറ്റ്ചാപ്പൽ പട്ടണത്തെ ഉണർത്തിയത്. പകൽ 10. 45 ഓടെ മേരിയുടെ ഒറ്റമുറി താമസസ്ഥലത്ത് കിടക്കയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. തിരിച്ചറിയാനാവാത്ത വിധം അവളുടെ മുഖം കുത്തിക്കീറിയിരുന്നു. അവളുടെ തൊണ്ട മുതൽ അടിവയറുവരെ ഛേദിക്കപ്പെട്ട അവസ്ഥയിലായിരുന്നു. അവളുടെ ഗർഭപാത്രം, വൃക്കകൾ, ഒരു മാറിടം എന്നിവ മുറിച്ച് അവളുടെ തലയ്ക്ക് താഴെയും ശരീരത്തിൽ നിന്ന് മറ്റ് ആന്തരിക അവയവങ്ങൾ അവളുടെ പാദത്തിനരികിലും, വയറിൻ്റെയും തുടയുടെയും ഭാഗങ്ങൾ കിടക്കയുടെ സമീപത്തെ ഒരു മേശപ്പുറത്തും വെട്ടി മാറ്റി വച്ചിരിക്കുന്നു. എന്നാൽ കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന്, മേരി ജെയ്നിൻ്റെ ഹൃദയം നഷ്ടപ്പെട്ടിരുന്നു. മേരിയുടെ മൃതദേഹം കണ്ട അന്വേഷണ ഉദ്യോഗസ്ഥരുടെ ഉള്ളിൽ ഭയം നിറഞ്ഞു. ആദ്യ നാല് കൊലപാതകങ്ങളെക്കാൾ അതി മൃഗീയമായിരുന്നു മേരിയുടെ കൊലപാതകം. പൊലീസ് തലങ്ങും വിലങ്ങും അന്വേഷിച്ചെങ്കിലും എവിടെയും എത്തിയില്ല. യാതൊരു തെളിവുകളും ഇവിടെ നിന്നും ലഭിച്ചില്ല.
എന്നാൽ സെപ്റ്റംബർ 9 മേരി ജെയ്ൻ കെല്ലിയുടെ മരണത്തിന് ശേഷം സമാനമായ മരണങ്ങൾ വൈറ്റ്ചാപ്പലിലോ സമീപ പ്രദേശങ്ങളിലോ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. ജാക്ക് ദി റിപ്പർ എന്ന കൊലയാളിയുടെ കൊലപാതക പരമ്പരകൾ അവസാനിച്ചെന്ന് വിശ്വസിച്ചു. എന്നാൽ ആ അഞ്ച് സ്ത്രീകളുടെയും കൊലപാതകത്തിൻ്റെ ചുരുളുകൾ അഴിക്കുവാൻ പൊലീസിന് സാധിച്ചില്ല. അന്വേഷണങ്ങൾ വർഷങ്ങൾ നീണ്ടുപോയി. ഒടുവിൽ പോലീസ് അന്വേഷണം അവസാനിപ്പിക്കുന്നു. എന്നാൽ വർഷങ്ങൾ കടന്ന് പോയിട്ടും വൈറ്റ്ചാപ്പൽ പട്ടണത്തിന് റിപ്പറിനെയോ അയാളുടെ ഇരകളെയോ മറക്കുവാൻ സാധിച്ചില്ല. ഇപ്പോഴും ഇരുട്ടിൻ്റെ മറവിൽ റിപ്പർ അയാളുടെ ഇരയേയും കാത്ത് നിൽപ്പുണ്ടാകും എന്ന് അവർ വിശ്വസിക്കുന്നു.
ജാക്ക് ദി റിപ്പർ ഒരു അടഞ്ഞ അധ്യായമല്ല, ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അയാൾ ബാക്കിവയ്ക്കുന്നു. ശരിക്കും ജാക്ക് ദി റിപ്പർ എന്ന കൊടും കുറ്റവാളി ആരാണ്? അയാൾ എന്തിനു വേണ്ടിയാകും ഈ കൊലപാതകങ്ങൾ ചെയ്തത്. ഒരു മനോരോഗിയുടെ മാനസിക വൈകൃതമാണ് അയാളുടെ ഓരോ കൊലപാതകങ്ങളും. ഇരകളായ അഞ്ച് സ്ത്രീകൾ, ഇവർ അഞ്ചുപേരും ലൈംഗികത്തൊഴിലാളികളായിരുന്നു. എന്ത് കൊണ്ടാകാം ലൈംഗികത്തൊഴിലാളികളെ മാത്രം തിരഞ്ഞു പിടിച്ച് കൊലപ്പെടുത്തിയത്. ഒരു പക്ഷെ കൊലപാതകിയുടെ ജീവിതത്തിൽ വളരെ വേണ്ടപ്പെട്ട ആരെങ്കിലും ലൈംഗികത്തൊഴിലാളികൾ ആയിരുന്നോ? അങ്ങനാണെങ്കിൽ അത് അയാളിൽ വലിയ രീതിയിലുള്ള മാനസിക സംഘർഷങ്ങൾക്ക് കാരണമായി തീർന്നിരിക്കാം. എങ്കിൽ അയാൾ അവരെയും കൊലപ്പെടുത്തി കാണുമോ ?
ലൈംഗികത്തൊഴിലാളികളോടും അവരുടെ ശരീരത്തിനോടും അയാൾക്ക് ഒരു പക്ഷെ തീർത്താൽ തീരാത്ത പകയോ വെറുപ്പോ ഉണ്ടായിരുന്നിരിക്കാം. അയാളുടെ അമർഷവും വെറുപ്പും അവരുടെ ശരീരത്തെ വലിച്ചു കീറിയപ്പോൾ അടങ്ങി കാണുമോ. വൈറ്റ്ചാപ്പലിൽ കൊല്ലപ്പെട്ട അഞ്ച് പേരിൽ നാലു പേരുടെയും മൃതദേഹങ്ങൾ തെരുവുകളിൽ നിന്നാണ് കണ്ടെടുത്തത്. അതിൽ അവസാനം കൊല്ലപ്പെട്ട മേരി ജെയ്നെ മാത്രമായിരുന്നു വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവരുടെ മരണത്തിൽ ഏറ്റവും ശ്രദ്ധേയമായ ഒരു ഘടകം എന്തെന്നാൽ കൊല്ലപ്പെട്ട ഈ അഞ്ച് പേരുടെയും നിലവിളികൾ ആരും തന്നെ കേട്ടിരുന്നില്ല. സംഭവ സ്ഥലത്ത് നിന്നും ബലപ്രയോഗത്തിൻ്റെ ഒരു ലക്ഷണങ്ങളും പൊലീസിന് ലഭിച്ചില്ല. ഒരു പക്ഷെ കൊല്ലപ്പെട്ട ഈ സ്ത്രീകൾക്ക് ഏറെ സുപരിചിതമായ ആരോ ആണ് ഇവരെ കൊലപ്പെടുത്തിയതെങ്കിലോ. ഈ അഞ്ച് സ്ത്രീകളും അയാൾ വിളിച്ചപ്പോൾ മുൻപരിചയത്തിൻ്റെ പുറത്താകാം അയാളുടെ കൂടെ പോയത്. ഉത്തരം ലഭിക്കാത്ത നിരവധി ചോദ്യങ്ങളുടെ അദ്ധ്യായമായി ജാക്ക് ദി റിപ്പർ അവശേഷിക്കുകയാണ്.
Jack the Ripper was the anonymous serial killer who terrorized the Whitechapel district of London in the late 1880s, primarily targeting female sex workers. The article details the brutal murders of five women—Mary Ann Nichols, Annie Chapman, Elizabeth Stride, Catherine Eddowes, and Mary Jane Kelly—noting the similar, horrific mutilations, especially the removal of internal organs.