

മിറാമർ (ഫ്ലോറിഡ): ഫ്ലോറിഡയിലെ മിറാമർ ബീച്ചിൽ ആറ് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഒരു മണിക്കൂറോളം തനിച്ചാക്കി നടക്കാൻ പോയതിന് അമേരിക്കൻ ദമ്പതികൾ അറസ്റ്റിലായ സംഭവം വാർത്തയാകുന്നു. കുഞ്ഞിനെ തനിച്ചാക്കി പോകാൻ മാതാവ് പറഞ്ഞ കാരണങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഹെൽത്ത് കെയർ എക്സിക്യൂട്ടീവായ സാറ സമ്മേഴ്‌സ് വിൽക്ക്‌സ് (37), ഭർത്താവ് ബ്രയാൻ വിൽക്ക്‌സ് (40) എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
സംഭവം നടന്നതിങ്ങനെ
അവധി ആഘോഷിക്കാനെത്തിയ ദമ്പതികൾ മൂത്ത മൂന്ന് കുട്ടികളുമായി നടക്കാൻ പോയപ്പോൾ ആറ് മാസം പ്രായമുള്ള പെൺകുഞ്ഞ് ബീച്ചിലെ ഒരു ടെന്റിൽ തനിയെ ആവുകയായിരുന്നു.രാവിലെ 11 മണിയോടെയാണ് മാതാപിതാക്കൾ കുഞ്ഞിനെ തനിച്ചാക്കി പോയതെന്നും ഉച്ചയ്ക്ക് 12.06 വരെ അവർ തിരിച്ചെത്തിയിരുന്നില്ലെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.ഇതുവഴി പോയ ഒരാളാണ് കുഞ്ഞിനെ ആദ്യം കണ്ടത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയും പോലീസ് എത്തുന്നതുവരെ കുഞ്ഞിന് കാവലിരിക്കുകയും ചെയ്തു.
മാതാപിതാക്കളുടെ വിശദീകരണം
കുഞ്ഞിനെ തനിച്ചാക്കി പോയതിനെക്കുറിച്ച് മാതാവ് സാറ സമ്മേഴ്‌സ് വിൽക്ക്‌സ് നൽകിയ വിശദീകരണം ഇങ്ങനെ:
"അത് സാധാരണയായി കുഞ്ഞ് ഉറങ്ങുന്ന സമയമാണ്. കുഞ്ഞ് ഉണരില്ല എന്ന് കരുതിയാണ് പോയത്. എന്നാൽ നടന്ന് തുടങ്ങിയപ്പോൾ സമയം പോയത് അറിഞ്ഞില്ല. അതുകൊണ്ടാണ് പെട്ടെന്ന് തിരികെയെത്താൻ കഴിയാതിരുന്നത്." വാൾട്ടൺ കൗണ്ടി ഷെരീഫ് ഓഫീസ് ഈ വിവരങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത സാറയെയും ഭർത്താവ് ബ്രയാൻ വിൽക്ക്‌സിനെയും പിന്നീട് 1,000 ഡോളർ ബോണ്ട് കെട്ടിവെച്ച ശേഷം വിട്ടയക്കുകയായിരുന്നു. കുഞ്ഞിനെ തനിച്ചാക്കി പോയ ദമ്പതികൾക്കെതിരെ വലിയ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.