ഗാസ: ഇസ്രായേലിൻ്റെ പിന്തുണയോടെ ഗാസയിൽ പ്രവർത്തിച്ചിരുന്ന ഹമാസ് വിരുദ്ധ സായുധ വിഭാഗം നേതാവ് യാസർ അബു ഷബാബ് കൊല്ലപ്പെട്ടു. ഗാസ മുനമ്പിൽ വെച്ച് അജ്ഞാതരുടെ ആക്രമണത്തിലാണ് ഇദ്ദേഹം മരണപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം. ഇസ്രയേലുമായി സഹകരിച്ച് ഗാസയിൽ മാത്രം പ്രവർത്തിച്ചിരുന്ന ഹമാസ് വിരുദ്ധ പോപ്പുലർ ഫോഴ്‌സസ് നേതാവായിരുന്നു യാസർ അബു ഷബാബ്.(Israeli-backed anti-Hamas leader killed in Gaza)
പലസ്തീൻകാരനായ യാസർ അബു ഷബാബിൻ്റെ കൊലപാതകത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. എന്നാൽ സംശയമുന നീളുന്നത് പ്രധാനമായും രണ്ടു വിഭാഗങ്ങളിലേക്കാണ്. ഹമാസ് അനുഭാവികൾ ആണ് അതിൽ ആദ്യത്തേത്. ഹമാസിൻ്റെ പ്രധാന ശത്രുവായിരുന്നു യാസർ അബു ഷബാബ്. ഗാസയിലെ സായുധ കുടുംബങ്ങൾ ആണ് രണ്ടാമത്തേത്. അബു സ്നൈമ കുടുംബം പോലെയുള്ള മറ്റ് സായുധ കുടുംബങ്ങളുമായുള്ള തർക്കങ്ങളും കൊലപാതകത്തിന് കാരണമായേക്കാം എന്ന് കരുതപ്പെടുന്നു.
ഗാസയിൽ ഹമാസിൻ്റെ സ്വാധീനം കുറയ്ക്കുന്നതിനും താത്കാലികമായി സമാധാനം സ്ഥാപിക്കുന്നതിനും ഇസ്രായേൽ പിന്തുണച്ചിരുന്ന നേതാവായിരുന്നു യാസർ അബു ഷബാബ്. ഇദ്ദേഹത്തിൻ്റെ മരണം ഗാസയിലെ ഹമാസ് വിരുദ്ധ ചേരിയുടെ പ്രവർത്തനങ്ങളെ കൂടുതൽ ദുർബലമാക്കും. ഈ കൊലപാതകം ഗാസയുടെ ആഭ്യന്തര സുരക്ഷാ സാഹചര്യത്തെ കൂടുതൽ സങ്കീർണമാക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്. ഇസ്രായേൽ സൈന്യം ഈ വിഷയത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഗാസയിലെ ഏറ്റവും ശക്തമായ ഗോത്രങ്ങളിൽ ഒന്നായ തറാബിൻ ഗോത്രത്തിലെ അംഗമായിരുന്നു ഇദ്ദേഹം. മയക്കുമരുന്ന് കടത്ത്, മോഷണം എന്നീ കുറ്റങ്ങൾ ആരോപിച്ച് 2015-ൽ ഹമാസ് ഇയാളെ പിടികൂടി 25 വർഷത്തേക്ക് ജയിലിൽ അടച്ചിരുന്നു. പിന്നീട് ജയിൽ ചാടിയ ഇയാൾ തൻ്റെ സായുധ സംഘടനയെ മുന്നോട്ട് കൊണ്ടുപോയി. ഹമാസിനെ പരസ്യമായി എതിർത്ത നിലപാടാണ് ഇയാളെ ശ്രദ്ധേയനാക്കിയത്. ഇസ്രായേലിൻ്റെ ഏജൻ്റെന്നും രാജ്യദ്രോഹിയെന്നും ഇയാൾ വിമർശിക്കപ്പെട്ടു. ഹമാസിൻ്റെ വധിക്കാനുള്ള ടാർഗറ്റ് പട്ടികയിൽ ഒന്നാമതായിരുന്നു യാസർ അബു ഷബാബെന്നും റിപ്പോർട്ടുകൾ പറയുന്നു.