ഇസ്രയേൽ : ഇസ്രയേൽ ആക്രമണത്തിൽ ഹൂതി നിയന്ത്രണത്തിലുള്ള വടക്കൻ യെമനിലെ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി കൊല്ലപ്പെട്ടു.യെമൻ തലസ്ഥാനമായ സനായിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹൂതികൾ നേതൃത്വം നൽകുന്ന സർക്കാരിന്റെ അഹമ്മദ് അൽ റഹാവി കൊല്ലപ്പെട്ടതെന്നാണ് വിവരം.
പ്രധാനമന്ത്രി താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലാണ് ആക്രമണം നടന്നത്. ആഭ്യന്തര യുദ്ധത്തെ തുടർന്ന് സന ഉൾപ്പെടെയുള്ള വടക്കൻ യെമനിലെ സ്ഥലങ്ങൾ ഹൂതികളുടെ നിയന്ത്രണത്തിലാണ്. അതേ സമയം, വ്യോമാക്രമണത്തിൽ ഹൂത്തി പ്രതിരോധ മന്ത്രി മുഹമ്മദ് അൽ-അതിഫിയും ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് അബ്ദുൽ-കരീം അൽ-ഗമാരിയും കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.
2014 മുതൽ തുടരുന്ന ആഭ്യന്തരയുദ്ധത്തിൽ തലസ്ഥാനമായ സന ഉൾപ്പെടെയുള്ള വടക്കൻ പ്രദേശങ്ങൾ ഭരിക്കുന്നത് ഇറാന്റെ പിന്തുണയുള്ള ഹൂതികളാണ്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമൻ തലസ്ഥാനമായ സനായിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തുന്നത്.