ടെൽ അവീവ്: സിറിയയിലെ ഡ്രൂസ് വിഭാഗവും സർക്കാർ സേനയും തമ്മിൽ തുടരുന്ന സംഘർഷത്തിൽ നൂറിലേറെപ്പേർ കൊല്ലപ്പെട്ടു. ഇതിനു പിന്നാലെ അൽ ഷരാ ഭരണകൂടത്തിനുള്ള മുന്നറിയിപ്പായി സിറിയ പ്രസിഡന്റിന്റെ വസതിക്ക് സമീപം ഇസ്രയേൽ വ്യോമാക്രമണം നടത്തി. ന്യൂനപക്ഷമായ ഡ്രൂസ് മതവിഭാഗത്തിനു ഭീഷണിയാകുന്ന വിധം സർക്കാർ സേനാവിന്യാസം അനുവദിക്കില്ലെന്ന് ഇസ്രയേൽ പറഞ്ഞു. സംഘർഷം രൂക്ഷമാക്കാനുള്ള നീക്കമാണ് ഇസ്രയേലിന്റേതെന്ന് ഇടക്കാല പ്രസിഡന്റ് അഹമ്മദ് അൽ ഷരാ ആരോപിച്ചു.
ഡ്രൂസ് വിഭാഗക്കാർ ഇസ്രയേലിലും ഇസ്രയേൽ അധീനതയിലുള്ള ഗോലാൻ കുന്നുകളിലും താമസിക്കുന്നുണ്ട്. ഇസ്രയേൽ സൈന്യത്തിലും ഇവരുണ്ട്. ഇതിനിടെ, ഗാസയിലേക്കു സഹായം കയറ്റി വന്ന കപ്പലിനു നേരെ മാൾട്ടയ്ക്കു സമീപം ഡ്രോൺ ആക്രമണമുണ്ടായി. കപ്പലിനു തീപിടിച്ചെങ്കിലും അണയ്ക്കാൻ കഴിഞ്ഞു. ഇസ്രയേലാണു പിന്നിലെന്ന് സഹായവിതരണ ഏജൻസി ആരോപിച്ചു.