ഗാസ, ലബനൻ, സിറിയ എന്നിവിടങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്ന് ഇസ്രയേൽ | Gaza-Israel War

ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യത്തെ മുഴുവൻ പിൻവലിച്ചാൽ മാത്രമേ ബന്ദികളെ മോചിപ്പിക്കൂവെന്ന് ഹമാസ്
Gaza
Published on

ജറുസലം: ഗാസ, ലബനൻ, സിറിയ എന്നിവിടങ്ങളിൽ വിന്യസിച്ചിട്ടുള്ള സൈന്യത്തെ പിൻവലിക്കില്ലെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി പ്രഖ്യാപിച്ചു. ഇസ്രയേൽ ജനതയുടെ സുരക്ഷിതത്വത്തിനു വേണ്ടിയാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. 2023 ഒക്ടോബർ ഏഴിനു കിഴക്കൻ ഇസ്രയേലിൽ ഹമാസ് ആക്രമണം നടത്തി 1200 പേരെ കൊല്ലുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തതിരുന്നു. സമാനമായ ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലാണിതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യത്തെ മുഴുവൻ പിൻവലിച്ചാൽ മാത്രമേ ശേഷിക്കുന്ന ബന്ദികളിൽ ജീവനോടെയുള്ള 24 പേരെ മോചിപ്പിക്കുകയുള്ളുവെന്ന നിലപാടിലാണ് ഹമാസ്. ഹമാസിനെ ഇല്ലാതാക്കി ബന്ദികളെ സ്വതന്ത്രരാക്കുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ നിലപാട്. വെടിനിർത്തൽ പ്രഖ്യാപിച്ചു ചർച്ചകളിലൂടെ ബന്ദികളെ മോചിപ്പിക്കാൻ ഇസ്രയേലിലിനുമേൽ സമ്മർദ്ദം ഏറി വരികയാണ്.

ഇന്നലെ ഇസ്രയേൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ 22 പേർകൂടി കൊല്ലപ്പെട്ടു. ഗാസയിൽ ആശുപത്രിക്കു സമീപം നടന്ന വ്യോമാക്രമണത്തിൽ ഡോക്ടർ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ബന്ദികളിൽ ഏദൻ അലക്സാണ്ടർ (21) എന്ന അമേരിക്കൻ– ഇസ്രയേലി പൗരനുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ഹമാസ് അറിയിച്ചു. ഏദനെ പാർപ്പിച്ചിരുന്ന സ്ഥലത്ത് വ്യോമാക്രമണം നടന്നുവെന്നാണു ഹമാസിന്റെ വാദം. ഇസ്രയേൽ സൈന്യം ഇതിനോടു പ്രതികരിച്ചിട്ടില്ല.

Related Stories

No stories found.
Times Kerala
timeskerala.com