
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങൾ ശക്തമായി തന്നെ തുടരുന്ന സാഹചര്യത്തിൽ ഇസ്രായേൽ ഇന്നും ഇറാനെ ആക്രമിച്ചു(West Asian conflict). ഇറാന്റെ പ്രധാന സൈനിക, രഹസ്യാന്വേഷണ കേന്ദ്രങ്ങളിൽ ഇന്നും ഇസ്രായേൽ ആക്രമണങ്ങൾ നടത്തി. ആക്രമിക്കപ്പെട്ട പ്രദേശങ്ങളിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകളും രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ കേന്ദ്രങ്ങളുമുണ്ടെന്ന് ഇസ്രായേൽ പ്രതിരോധ സേന വ്യക്തമാക്കി.
അതേസമയം ഇറാന്റെ ആണവ പദ്ധതിയെ ഇസ്രായേൽ നിലനിൽപ്പിന് തന്നെ ഭീഷണിയായാണ് കണക്കാക്കുന്നത്. ആണവായുധം നിർമ്മിക്കാനുള്ള ഇറാന്റെ "ഗൂഢശ്രമങ്ങൾ" അനുവദിക്കാനാവില്ലെന്നും മുൻകരുതൽ നടപടി ആവശ്യമാണെന്നും ഇസ്രായേൽ പ്രതിരോധ സേന പറഞ്ഞു. ഞായറാഴ്ച ഇറാനിലെ മൂന്ന് ആണവ സംബന്ധിയായ കേന്ദ്രങ്ങൾ യുഎസ് സൈന്യം ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തന്ത്രപ്രധാന ഇടങ്ങൾ ഇസ്രായേൽ ലക്ഷ്യം വച്ചത്.