
വാഷിങ്ടൻ: വെടിനിർത്തൽ ലംഘനത്തിൽ ഇസ്രയേലിന് കടുത്ത താക്കീതുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് ഇറാനുനേരെ ആക്രമണം നടത്തിയാൽ അത് വലിയ തെറ്റാകുമെന്ന് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിൽ ട്രംപ് മുന്നറിയിപ്പ് നൽകി.
‘‘ഇസ്രയേൽ ആ ബോംബുകൾ പ്രയോഗിക്കരുത്. അങ്ങനെ നിങ്ങൾ ചെയ്താൽ അത് വലിയൊരു ലംഘനമാണ്. നിങ്ങളുടെ പൈലറ്റുമാരെ ഇപ്പോൾത്തന്നെ തിരിച്ചുവിളിക്കണം’’– ട്രംപ് കുറിച്ചു. അതേസമയം, ഇസ്രയേൽ ഇറാനെ ആക്രമിക്കില്ലെന്നും മറ്റൊരു പോസ്റ്റിൽ ട്രംപ് പറഞ്ഞു. ‘‘എല്ലാ വിമാനങ്ങളും മടങ്ങും. ആർക്കും പരുക്കുണ്ടാവില്ല, വെടിനിർത്തൽ പ്രാബല്യത്തിലുണ്ട് ! ഈ വിഷയത്തിൽ നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി !’’ – മറ്റൊരു പോസ്റ്റിൽ ട്രംപ് കുറിച്ചു.
ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തലിന് ധാരണയായതായി ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ അൽതാനിയാണ് വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചതെന്ന് ഇറാന്റെ ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്‌തു. വെടിനിർത്തൽ സന്നദ്ധത യുഎസാണ് അറിയിച്ചതെന്നും വെടിനിർത്തലിന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ സമ്മതം വാങ്ങിയ ട്രംപ്, ഖത്തർ പ്രധാനമന്ത്രിയുമായി ഫോണിൽ ബന്ധപ്പെട്ട് ഇറാനുമായി സംസാരിക്കാൻ അഭ്യർഥിക്കുകയായിരുന്നെന്നും റിപ്പോർട്ടുണ്ട്.