
ലണ്ടൻ: ഫുട്‌ബോൾ വേദികളിൽ നിന്ന് ഇസ്രായേലിനെ മാറ്റിനിർത്തണമെന്ന ആവശ്യം ശക്തം. ഉക്രൈനെതിരായ അധികാര പ്രയോഗത്തെ തുടർന്ന് റഷ്യയെ ഒറ്റപ്പെടുത്തി. എന്നാൽ, ഗസ്സയിൽ ഇസ്രായേൽ നടത്തിവരുന്ന വംശഹത്യയെ കണ്ടില്ലെന്ന് നടിക്കുന്ന സ്ഥിതിയാണ് ഫിഫയിൽ നിന്നും യുവേഫയിൽ നിന്നുമുണ്ടാകുന്നത്. റഷ്യക്ക് ഇല്ലാത്ത എന്ത് പ്രിവലേജാണ് ഇസ്രായേലിനുള്ളതെന്നാണ് ഫുട്‌ബോൾ ലോകം ചോദിക്കുന്നത്. ഏറ്റവുമൊടുവിൽ യുവേഫ അംഗരാജ്യങ്ങളിൽ ഭൂരിഭാഗം പേരും ഇസ്രായേലിനെതിരെ തിരിയുന്ന സാഹചര്യവുമുണ്ടായി. ഇസ്രായേൽ ലോകകപ്പ് യോഗ്യത നേടിയാൽ ടീമിനെ അയക്കണമോയെന്ന കാര്യത്തിൽ പുന:പരിശോധന നടത്തുമെന്നാണ് സ്പാനിഷ് ഭരണകൂടം നിലപാടെടുത്തത്.
ദേശീയ ടീമിനെ മുഴുവൻ യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ നിന്നും വിലക്കണമെന്നതാണ് യുവേഫക്ക് മുന്നിലെത്തിയ പ്രധാന ആവശ്യങ്ങളിലൊന്ന്. ഇതോടൊപ്പം യുവേഫ യൂറോപ്പ ലീഗിൽ കളിക്കുന്ന മകതാബി തെൽ അവീവിനെയും മാറ്റിനിർത്തണമെന്ന ആവശ്യവും കഴിഞ്ഞ ദിവസങ്ങളിൽ യൂറോപ്പിലെ വിവിധ രാജ്യങ്ങൾ നിലപാടെടുത്തു. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്താൻ യുവേഫ ഇനിയും തയാറായിട്ടില്ല. നിലവിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ ഭൂരിഭാഗം അംഗരാജ്യങ്ങളും ഇസ്രായേലിന് എതിരാണ്. 20 അംഗങ്ങൾ ഇസ്രായേലിനെ പുറത്താക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായാണ് വിവരം.
ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ ഭാഗമായി ഒക്ടോബർ ആറിനു വരുന്ന ഇന്റർനാഷണൽ ബ്രേക്കിന് മുമ്പായി ഇസ്രായേലിനെതിരെ നടപടി വേണമെന്ന സമ്മർദ്ദമാണ് യുവേഫയ്ക്ക് മേലുള്ളത്. നോർവെ, ഇറ്റലി ടീമുകൾക്കെതിരെയാണ് ഇസ്രായേലിന് കളിക്കേണ്ടത്. എന്നാൽ യോഗം ചേരാതെ തീരുമാനം പരമാവധി വൈകിപ്പിക്കാനാണ് നീക്കം. അടുത്ത ആഴ്ച യുവേഫ യോഗം ചേരുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും എക്‌സിക്യൂട്ടീവ് ഡിസംബർ മൂന്നിലേക്കാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നതെന്നുമാണ് റിപ്പോർട്ട്.
അതേസമയം,ഗസ്സയിലെ വംശഹത്യ തുടരുന്ന ഇസ്രായേലിനെ അന്താരാഷ്ട്ര ഫുട്‌ബോൾ വേദിയിൽ വിലക്കാൻ ഫിഫയും യുവേഫയും നടപടിയെടുക്കണമെന്ന ആവശ്യവുമായി ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ വിദഗ്ധർ കഴിഞ്ഞ ദിവസം രംഗത്തെത്തിയുന്നു.