ഗാസ സിറ്റി: ഗാസയിൽ ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ രണ്ട് പ്രധാന നേതാക്കൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഹമാസ് ആന്റി ടാങ്ക് മിസൈൽ വിഭാഗം തലവൻ കമൽ അബ്ദ് അൽ റഹ്‌മാൻ മുഹമ്മദ് ഔവാദ്, ആയുധ നിർമ്മാണ വിഭാഗത്തിലെ അഹ്‌മദ് തബേത്ത് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ അവകാശപ്പെട്ടു.(Israel says it has killed 2 Hamas leaders, 14 dead in Gaza)
ഗാസ സിറ്റിയിൽ നിന്ന് ഇസ്രയേൽ സൈന്യത്തിന് നേരെ നടന്ന റോക്കറ്റ് വിക്ഷേപണത്തിന് മറുപടിയായാണ് വ്യോമാക്രമണം നടത്തിയതെന്ന് ഐഡിഎഫ് വ്യക്തമാക്കി. കൊല്ലപ്പെട്ട മുഹമ്മദ് ഔവാദ് ഹമാസ് നേതാവല്ലെന്നും സാധാരണ പൗരനാണെന്നുമാണ് പലസ്തീൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണത്തിൽ അഞ്ച് കുട്ടികളടക്കം 14 പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2025 ഒക്ടോബർ 10-ന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നുവെങ്കിലും അതിന് ശേഷം മാത്രം ഗാസയിൽ 439 പേർ കൊല്ലപ്പെട്ടതായാണ് പ്രാദേശിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഗാസയുടെ പുനർനിർമ്മാണത്തിനും ഭരണനിർവ്വഹണത്തിനുമായി അന്താരാഷ്ട്ര തലത്തിലുള്ള 'ബോർഡ് ഓഫ് പീസ്' അടുത്തയാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചേക്കും. ഹമാസിനെ നിരായുധീകരിക്കുക, ഗാസയിൽ അന്താരാഷ്ട്ര സമാധാനസേനയെ വിന്യസിക്കുക എന്നിവയാകും ഈ ബോർഡിന്റെ പ്രധാന ദൗത്യങ്ങൾ. മരണസംഖ്യ ഇനിയും ഉയരാൻ കാരണമായേക്കുമെന്ന് ആശങ്കയുണ്ട്.