ഗാസ: ഇസ്രയേൽ സൈന്യം ഗാസ മുനമ്പിൽ നടത്തിയ കനത്ത വ്യോമാക്രമണങ്ങളിൽ 28 പേർ കൊല്ലപ്പെടുകയും 77 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ഒക്ടോബർ 10-ന് നിലവിൽ വന്ന വെടിനിർത്തൽ കരാറിന് ശേഷം ഇസ്രയേൽ നടത്തുന്ന ഏറ്റവും ശക്തമായ ആക്രമണമാണിത്.(Israel launches heavy airstrikes in Gaza, 28 killed)
ഇസ്രയേലിന്റെ ആക്രമണങ്ങളിൽ സാധാരണക്കാരടക്കം നിരവധി പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. റിപ്പോർട്ടുകൾ പ്രകാരം, ഗാസ സിറ്റിയുടെ പ്രാന്തപ്രദേശമായ സെയ്തൂണിൽ 10 പേർ കൊല്ലപ്പെട്ടു. കിഴക്കൻ ഷെജായ പ്രാന്തപ്രദേശത്ത് രണ്ട് പേർ മരിച്ചു. ശേഷിക്കുന്നവർ തെക്കൻ ഗാസ മുനമ്പിലെ ഖാൻ യൂനിസിൽ നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലാണ് കൊല്ലപ്പെട്ടത്.
ആക്രമണം ഹമാസിനെ ലക്ഷ്യമിട്ടുള്ളതാണെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. സൈനികർക്ക് നേരെ ഹമാസ് ആദ്യം വെടിയുതിർത്തതിനെ തുടർന്നാണ് തിരിച്ചടി നടത്തിയതെന്നാണ് ഇസ്രയേലിന്റെ ഔദ്യോഗിക വിശദീകരണം.
ഹമാസ് അംഗങ്ങളാണ് ആദ്യം വെടിവെപ്പ് തുടങ്ങിയതെന്നും, അതിന് മറുപടിയായാണ് ഖാൻ യൂനിസിൽ വ്യോമാക്രമണം നടത്തിയതെന്നും ഇസ്രയേൽ സേന അവകാശപ്പെടുന്നു. എന്നാൽ, ഇസ്രയേലിന്റെ ഈ ആരോപണങ്ങളോട് ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.