ടെൽ അവീവ്: ഗാസയിൽ ഹമാസിൻ്റെ സുപ്രധാനമായ ഒരു ഭൂഗർഭ തുരങ്കം കണ്ടെത്തിയതായി ഇസ്രയേൽ പ്രതിരോധസേന അറിയിച്ചു. ഏഴ് കിലോമീറ്റർ നീളവും 25 മീറ്റർ ആഴവും 80 മുറികളുമടങ്ങിയ വലിയ തുരങ്കമാണിത്. തുരങ്കത്തിൻ്റെ ദൃശ്യങ്ങൾ ഐ.ഡി.എഫ്. എക്സിൽ പങ്കുവെച്ചിട്ടുണ്ട്.(Israel discovers key Hamas tunnel in Gaza, arrests Hamas member)
2014-ലെ ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ കൊല്ലപ്പെട്ട ഇസ്രയേൽ സൈനികൻ ഹദർ ഗോൾഡിന്റെ മൃതദേഹം സൂക്ഷിച്ചിരുന്നത് ഈ തുരങ്കത്തിലായിരുന്നുവെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ഈ മാസം ആദ്യമാണ് ഗോൾഡിൻ്റെ മൃതദേഹാവശിഷ്ടങ്ങൾ ഇസ്രയേലിന് കൈമാറിയത്.
ഈ തുരങ്കം ആയുധങ്ങൾ സൂക്ഷിക്കാനും ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും ഒളിത്താവളത്തിനുമായി ഹമാസ് ഉപയോഗിച്ചിരുന്നതായി ഐ.ഡി.എഫ്. പറയുന്നു. ഏഴ് കിലോമീറ്റർ നീളമുള്ള ഈ തുരങ്കം ജനവാസ മേഖലകൾ, യുഎൻആർഡബ്ല്യുഎ (പാലസ്തീൻ അഭയാർഥികൾക്കായുള്ള യുഎൻ ഏജൻസി) സ്ഥാപനങ്ങൾ, പള്ളികൾ, ക്ലിനിക്കുകൾ, കളിസ്ഥലങ്ങൾ തുടങ്ങിയവയിലൂടെയാണ് കടന്നുപോകുന്നതെന്നും ഐ.ഡി.എഫ്. എക്സിൽ കുറിച്ചു.
നീളം 7 കിലോമീറ്റർ, 80 മുറികൾ, 25 മീറ്റർ ആഴം എന്നിവയാണ് പ്രത്യേകതകൾ. നാവികസേനയും ഇസ്രയേൽ പ്രത്യേക എൻജിനിയറിങ് സംഘവും ചേർന്നാണ് തുരങ്കം കണ്ടെത്തിയത്. ഇസ്രയേൽ ആക്രമണത്തിൽ മേയ് മാസത്തിൽ കൊല്ലപ്പെട്ട ഹമാസ് നേതാക്കളായ മുഹമ്മദ് സിൻവാറും മുഹമ്മദ് ഷബാനയും ഉൾപ്പെടെയുള്ള മുതിർന്ന ഹമാസ് നേതാക്കൾ ഈ തുരങ്കം ഉപയോഗിച്ചിരുന്നതായും സൈന്യം കണ്ടെത്തിയിട്ടുണ്ട്.
2014-ൽ ഇസ്രയേൽ സൈനികനായിരുന്ന ഹദർ ഗോൾഡിൻ്റെ മരണത്തിൽ പങ്കാളിയായ ഹമാസ് അംഗം മർവാൻ അൽ ഹാംസിനെ അറസ്റ്റ് ചെയ്തതായും ഇസ്രയേൽ സൈന്യം അറിയിച്ചു.