

ജറുസലേം: പലസ്തീൻ അഭയാർത്ഥികൾക്കായി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ ഏജൻസിയായ യുഎൻആർഡബ്ല്യുഎയുടെ കിഴക്കൻ ജറുസലേമിലെ ആസ്ഥാനം ഇസ്രായേൽ ബുൾഡോസറുകൾ ഉപയോഗിച്ച് തകർത്തു (Israel Demolishes UNRWA Headquarters). ഷെയ്ഖ് ജറയിലെ ഓഫീസ് പരിസരത്തേക്ക് ഇസ്രായേൽ സൈന്യം ഇരച്ചുകയറുകയും ഉദ്യോഗസ്ഥരെ പുറത്താക്കിയ ശേഷം കെട്ടിടങ്ങൾ പൊളിക്കുകയുമായിരുന്നു. ഹമാസുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഇസ്രായേൽ ഈ നടപടി സ്വീകരിച്ചത്.
യുഎൻആർഡബ്ല്യുഎയെ രാജ്യത്ത് നിരോധിച്ചുകൊണ്ടുള്ള ഇസ്രായേൽ പാർലമെന്റിന്റെ പുതിയ നിയമത്തിന് പിന്നാലെയാണ് ഈ സൈനിക നീക്കം. ഓഫീസിലെ ജീവനക്കാരുടെ ഫോണുകളും മറ്റ് ഉപകരണങ്ങളും സൈന്യം പിടിച്ചെടുത്തതായി യുഎൻആർഡബ്ല്യുഎ അറിയിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക അധികാരങ്ങളുടെയും ലംഘനമാണ് ഇതെന്ന് യുഎൻ വൃത്തങ്ങൾ പ്രതികരിച്ചു. ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വീർ നേരിട്ടെത്തിയാണ് പൊളിക്കൽ നടപടികൾക്ക് മേൽനോട്ടം വഹിച്ചത്.
സന്നദ്ധ സംഘടനകൾക്ക് മേൽ ഇസ്രായേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഈ നീക്കം. ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് ഉൾപ്പെടെയുള്ള 37 അന്താരാഷ്ട്ര സംഘടനകളുടെ ലൈസൻസ് ഇസ്രായേൽ കഴിഞ്ഞ ആഴ്ച റദ്ദാക്കിയിരുന്നു. യുഎൻആർഡബ്ല്യുഎക്കെതിരായ നിയമങ്ങൾ പിൻവലിക്കണമെന്നും പിടിച്ചെടുത്ത സ്വത്തുക്കൾ വിട്ടുനൽകണമെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ബെഞ്ചമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ഇസ്രായേലിനെ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Israel has commenced the demolition of the UNRWA headquarters in occupied East Jerusalem, following a controversial law banning the agency's operations. Israeli forces stormed the Sheikh Jarrah compound with bulldozers, expelling staff and confiscating their equipment. UN Secretary-General Antonio Guterres has warned Prime Minister Netanyahu of potential International Court of Justice (ICJ) action if these laws targeting humanitarian groups are not repealed and seized assets returned.