സമാധാനമില്ലാതെ ഗാസ: വെടി നിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ ആക്രമണം, 97 പേർ കൊല്ലപ്പെട്ടെന്ന് ഹമാസ് | Ceasefire
ടെൽ അവീവ്: ഒരിടവേളയ്ക്ക് ശേഷം ഗാസ വീണ്ടും കലുഷിതമായി. വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ നടത്തിയ ബോംബ് ആക്രമണങ്ങളിൽ ഇതുവരെ 97 പേരോളം കൊല്ലപ്പെട്ടതായി ഹമാസ് റിപ്പോർട്ട് ചെയ്തു.(Israel attack violates ceasefire agreement)
ഇസ്രായേൽ നിയന്ത്രിത പ്രദേശത്തേക്ക് ഹമാസ് വെടിയുതിർത്തുവെന്ന് ആരോപിച്ചാണ് ഇസ്രായേൽ സൈന്യം റാഫ ഉൾപ്പെടെയുള്ള തെക്കൻ ഗാസയിലെ പലയിടത്തും ആക്രമണം നടത്തിയത്. ഇതോടെ രണ്ടാം ഘട്ട സമാധാന കരാർ പ്രതിസന്ധിയിലാവുകയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 20 ഇന പദ്ധതിയനുസരിച്ച് പ്രഖ്യാപിച്ച വെടിനിർത്തൽ ചോദ്യം ചെയ്യപ്പെടുകയും ചെയ്തു.
സമാധാന കരാർ ലംഘിച്ച് ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 97 പേർ കൊല്ലപ്പെട്ടതായും 230 പേർക്ക് പരിക്കേറ്റതായും ഹമാസ് അറിയിച്ചു. ഇന്നലെ മാത്രം 28 പേരാണ് കൊല്ലപ്പെട്ടത്.
യുദ്ധവിമാനങ്ങളും വ്യോമസേന വിമാനങ്ങളും പീരങ്കികളും ഉപയോഗിച്ചാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. ഇസ്രായേൽ 80 തവണ വെടിനിർത്തൽ കരാർ ലംഘിച്ചതായി ഗാസ ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു.
റഫയിൽ തങ്ങളുടെ സൈനികർക്ക് നേരെ ഹമാസ് വെടിയുതിർത്തു എന്നും, രണ്ട് സൈനികർ കൊല്ലപ്പെട്ടുവെന്നുമാണ് കഴിഞ്ഞ ദിവസത്തെ ആക്രമണത്തെ ന്യായീകരിച്ച് ഇസ്രായേൽ പറയുന്നത്. വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ആരോപിച്ച് ഹമാസിനെതിരെ കർശന നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇസ്രായേൽ പ്രതിരോധ സേനയ്ക്ക് നിർദേശം നൽകി.
ഇസ്രായേൽ സൈനികരെ ആക്രമിച്ചെന്ന ആരോപണം ഹമാസ് പൂർണ്ണമായി നിഷേധിച്ചു. തങ്ങളുടെ അറിവിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും ഒരിടത്തും ഇസ്രായേലി സൈനികരെ ആക്രമിച്ചിട്ടില്ലെന്നും ഹമാസ് വ്യക്തമാക്കി.