

ജെറൂസലേം: ദശാബ്ദങ്ങളായി തുടർന്നുപോരുന്ന അമേരിക്കൻ സൈനിക സഹായത്തെ ആശ്രയിക്കുന്നത് അടുത്ത പത്ത് വർഷത്തിനുള്ളിൽ പൂർണ്ണമായും അവസാനിപ്പിക്കാൻ ലക്ഷ്യമിടുന്നതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു (Israel Arms Industry Independence). ദി ഇക്കണോമിസ്റ്റ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. ഇസ്രായേലിന്റെ വളരുന്ന സമ്പദ്‌വ്യവസ്ഥയും സൈനിക ശേഷിയും പരിഗണിച്ച് പത്ത് വർഷത്തിനുള്ളിൽ ഈ സഹായം പൂജ്യത്തിലേക്ക്' എത്തിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
അമേരിക്ക നൽകിവരുന്ന പിന്തുണയ്ക്ക് നന്ദി പറയുമ്പോഴും, ഇസ്രായേൽ ഇപ്പോൾ ഒരു സ്വതന്ത്ര ശക്തിയായി മാറിയിരിക്കുകയാണെന്ന് നെതന്യാഹു പറഞ്ഞു. ഇതിന്റെ ഭാഗമായി സ്വന്തമായി ആയുധങ്ങൾ നിർമ്മിക്കുന്നതിനായി 110 ബില്യൺ ഡോളർ (ഏകദേശം 350 ബില്യൺ ഷെക്കൽ) ചെലവിൽ ഒരു സ്വതന്ത്ര ആയുധ വ്യവസായം വികസിപ്പിക്കുമെന്ന് കഴിഞ്ഞ മാസം അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇസ്രായേലിന്റെ സമ്പദ്‌വ്യവസ്ഥ ഉടൻ തന്നെ 1 ട്രില്യൺ ഡോളറിൽ എത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
2016-ൽ ഒപ്പുവെച്ച പത്ത് വർഷത്തെ കരാർ പ്രകാരം ഇസ്രായേലിന് പ്രതിവർഷം 3.8 ബില്യൺ ഡോളർ വീതമുള്ള സൈനിക സഹായമാണ് ലഭിക്കുന്നത്. ഈ കരാർ 2028-ൽ അവസാനിക്കും. ഇസ്രായേലിന്റെ പ്രതിരോധ കയറ്റുമതി കഴിഞ്ഞ വർഷം 13% വർദ്ധിച്ചു. അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കായി ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഇസ്രായേലിനെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 'അമേരിക്ക ഫസ്റ്റ്' നയങ്ങൾക്കിടയിൽ ഇസ്രായേലിന്റെ ഈ നീക്കം ശ്രദ്ധേയമാണ്. യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാം ഉൾപ്പെടെയുള്ളവർ ഈ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും, ആയുധ വിതരണത്തിലെ തടസ്സങ്ങൾ ഒഴിവാക്കാൻ സ്വയംപര്യാപ്തത അനിവാര്യമാണെന്നാണ് ഇസ്രായേലിന്റെ നിലപാട്.
Israeli Prime Minister Benjamin Netanyahu aims to eliminate Israel's dependence on U.S. military aid within the next decade, citing the country's maturing economy and advanced defense capabilities. To achieve this, Israel is investing $110 billion to build an independent domestic arms industry, reducing its reliance on foreign suppliers like the United States. This strategic shift marks a potential end to the $38 billion aid agreement set to expire in 2028 as Israel positions itself as a self-reliant regional power.