പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാനുള്ള നടപടി; ഫ്രാൻസിനെതിരെ ഇസ്രയേലും അമേരിക്കയും രം​ഗത്ത് | Palestine State

ഭീകരതയെ വളർത്തുന്ന നടപടിക്കാണ് ഫ്രാൻസ് ഒരുങ്ങുന്നതെന്ന് നെതന്യാഹു; ഹമാസിനെ പിന്തുണയ്ക്കുന്നതാണ് ഫ്രാൻസിന്റെ തീരുമാനമെന്ന് യുഎസ്
France
Published on

പാരിസ്: സെപ്റ്റംബറിൽ പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ഫ്രാൻസ് വെളിപ്പെടുത്തിയതിന് പിന്നാലെ രൂക്ഷ വിമർശനവുമായി യുഎസും ഇസ്രയേലും. ഒക്ടോബർ 7ന് നടന്ന ആക്രമണത്തിനിരയായവരുടെ മുഖത്തടിയ്ക്കുന്നതിനു സമാനമായ നീക്കമാണ് ഫ്രാൻസിന്റെ നടപടിയെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്ക് റൂബിയോ ആരോപിച്ചു. ഹമാസിനെ പിന്തുണയ്ക്കുന്നതാണ് ഫ്രാൻസിന്റെ തീരുമാനമെന്നും റൂബിയോ കൂട്ടിച്ചേർത്തു.

ഇസ്രയേലും ഫ്രാൻസിന്റെ നിലപാടിനെ രൂക്ഷമായി വിമർശിച്ചു. ഭീകരവാദത്തിനുള്ള പ്രതിഫലവും ഇസ്രയേലിന്റെ അസ്തിത്വത്തിന് ഭീഷണിയുമാണ് പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്ന നടപടിയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു.അതേസമയം, ഗാസയിൽ പട്ടിണി രൂക്ഷമാകുന്നതിനു കാരണം ഇസ്രയേലാണെന്ന ആരോപണം നെതന്യാഹു നിഷേധിച്ചു. ഫ്രഞ്ച് ചരിത്രത്തിലെ കറുത്ത ഏടാണിതെന്നും ഭീകരവാദത്തിനുള്ള സഹായമാണെന്നും ഇസ്രയേൽ ഉപപ്രധാനമന്ത്രി യാരിവ് ലെവിൻ പറഞ്ഞു.

പ്രധാനപ്പെട്ട ലോക ശക്തികൾ ഉൾപ്പെടുന്ന ജി7 രാജ്യങ്ങളുടെ കൂട്ടായ്മയിൽ നിന്ന് പലസ്തീനെ അംഗീകരിക്കുമെന്ന് പറയുന്ന ആദ്യ രാജ്യമാണ് ഫ്രാൻസ്. സെപ്തംബറിൽ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ വച്ച് ഫ്രാൻസ് പ്രതിനിധി ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്നാണ് പ്രസിഡന്റ് വ്യക്തമാക്കിയിട്ടുള്ളത്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുകയും സാധാരണക്കാരെ രക്ഷിക്കുകയുമാണ് അടിയന്തരമായി ചെയ്യേണ്ടതെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com