ടെഹ്റാൻ: ഇറാനിൽ തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ നിഷ്പ്രഭമാക്കി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി റിപ്പോർട്ട്. യുഎസും ഇസ്രായേലും ഉൾപ്പെട്ട സൈനിക നീക്കങ്ങൾ തുടരുന്നതിനിടെ, പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പൂർണ്ണമായ രാഷ്ട്രീയ സ്തംഭനത്തിലാണെന്ന് റിപ്പോർട്ട് ചെയ്യുന്നു.(IRGC overtakes government in Iran, says report)
തുടരുന്ന യുദ്ധസാഹചര്യത്തിൽ, രാജ്യത്തെ പ്രധാന തീരുമാനങ്ങളും സുരക്ഷാ സംവിധാനങ്ങളും ഐ.ആർ.ജി.സി തങ്ങളുടെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കി. മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ വിയോഗവും സൈനിക കേന്ദ്രങ്ങൾക്കേറ്റ ആഘാതവും ഈ നീക്കത്തിന് ആക്കം കൂട്ടി.
പ്രസിഡന്റ് നടത്തുന്ന നിയമനങ്ങളും ഭരണപരമായ തീരുമാനങ്ങളും ഐ.ആർ.ജി.സി ഇടപെട്ട് തടയുന്നതായാണ് വിവരം. അധികാര കേന്ദ്രത്തിന് ചുറ്റും ശക്തമായ സുരക്ഷാ വലയം തീർത്ത സൈന്യം, എക്സിക്യൂട്ടീവ് അധികാരങ്ങളിൽ നിന്ന് ഗവൺമെന്റിനെ പുറന്തള്ളിയിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച പുതിയ രഹസ്യാന്വേഷണ മന്ത്രിയെ നിയമിക്കാനുള്ള മസൂദ് പെസെഷ്കിയാന്റെ ശ്രമം ഐ.ആർ.ജി.സി ചീഫ് കമാൻഡർ അഹമ്മദ് വാഹിദിയുടെ ഇടപെടലിലൂടെ പരാജയപ്പെട്ടു. ഹൊസൈൻ ദെഹ്ഗാൻ ഉൾപ്പെടെയുള്ളവരുടെ പേരുകൾ ഐ.ആർ.ജി.സി തള്ളി. യുദ്ധസാഹചര്യത്തിൽ സുപ്രധാന പദവികളിലെ നിയമനം സൈന്യം നേരിട്ട് കൈകാര്യം ചെയ്യുമെന്നാണ് വാഹിദിയുടെ നിലപാട്.
നിലവിലെ സാഹചര്യത്തിൽ പുതിയ പരമാധികാര നേതാവ് മുജ്തബ ഖമേനിയുടെ നിലപാടോ സ്ഥാനമോ അവ്യക്തമാണ്. മുതിർന്ന ഐ.ആർ.ജി.സി ഉദ്യോഗസ്ഥർ അടങ്ങിയ ‘മിലിട്ടറി കൗൺസിൽ’ ആണ് ഇപ്പോൾ രാജ്യത്തെ പ്രധാന തീരുമാനങ്ങൾ എടുക്കുന്നത്. മുജ്തബ ഖൊമേനിയുമായി കൂടിക്കാഴ്ചയ്ക്ക് പ്രസിഡന്റ് പെസെഷ്കിയാൻ പലതവണ ശ്രമിച്ചെങ്കിലും സൈന്യം അത് അനുവദിക്കുന്നില്ല. രാജ്യത്തെ യഥാർത്ഥ സാഹചര്യങ്ങൾ വിവരിക്കുന്ന ഗവൺമെന്റ് റിപ്പോർട്ടുകൾ പരമാധികാര നേതാവിലേക്ക് എത്താതിരിക്കാൻ സൈന്യം തടസ്സം നിൽക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

