ടെഹ്‌റാൻ:ഇറാന്റെ കർശനമായ വസ്ത്രധാരണ രീതികളെയും സ്ത്രീകളെക്കുറിച്ചുള്ള നിലപാടുകളെയും ന്യായീകരിച്ച് ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി രംഗത്ത്. നിർബന്ധിത ഹിജാബ് നിയമങ്ങൾ പരസ്യമായി ലംഘിക്കുന്ന ഇറാനിയൻ വനിതകളുടെ എണ്ണം വർദ്ധിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അമേരിക്കയും പാശ്ചാത്യ മുതലാളിത്തവും സ്ത്രീകളുടെ അന്തസ്സ് ഇല്ലാതാക്കുകയാണെന്ന് ഖാംനഇ ഓൺലൈൻ പോസ്റ്റുകളിലൂടെ ആരോപിച്ചു.(Iran's Supreme Leader Khamenei Defends Hijab Laws)
നിർബന്ധിത ശിരോവസ്ത്രം, ലിംഗ വിവേചനം, നിയമലംഘനങ്ങൾക്കുള്ള കഠിനമായ ശിക്ഷകൾ എന്നിവയടങ്ങിയ ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് പാശ്ചാത്യ നിലപാടുകളേക്കാൾ ധാർമ്മികമായി ശ്രേഷ്ഠമെന്ന് ഖമേനി 'എക്‌സി'ൽ കുറിച്ചു. പാശ്ചാത്യ മുതലാളിത്തം സ്ത്രീകളെ ഒരു വിൽപന വസ്തുവായി കണക്കാക്കുകയും അവരുടെ അടിസ്ഥാനപരമായ ആദരം കവർന്നെടുക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
ഒരു സ്ത്രീയുടെ 'സുരക്ഷിതത്വവും അന്തസ്സും മാനവും' സർക്കാരുകൾ സംരക്ഷിക്കണമെന്നും, ഇത് സ്ത്രീകളുടെ അവകാശങ്ങളിൽപ്പെട്ടതാണെന്നും ഖമേനി വാദിച്ചു. "ദുഷിച്ച മുതലാളിത്ത യുക്തി സ്ത്രീകളുടെ അന്തസ്സിനെ ചവിട്ടിമെതിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു," അദ്ദേഹം എഴുതി. പാശ്ചാത്യ രാജ്യങ്ങളിൽ സ്ത്രീകൾ 'ഭൗതിക ചൂഷണത്തിന്' ഇരയാകുന്നുണ്ടെന്നും, ഒരേ ജോലിക്ക് പുരുഷന്മാരേക്കാൾ കുറഞ്ഞ വേതനമാണ് അവർക്ക് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്‌ലാമിന്റെ ചട്ടക്കൂടുമായി താരതമ്യം ചെയ്തുകൊണ്ട്, സ്ത്രീകൾക്ക് 'സ്വാതന്ത്ര്യം, മുന്നോട്ട് പോകാനും പുരോഗമിക്കാനുമുള്ള കഴിവ്, വ്യക്തിത്വം' എന്നിവയുണ്ടെന്ന് ഖമേനി വാദിച്ചു. ഇസ്‌ലാം സ്ത്രീകളെ 'വീട്ടിലെ ഒരു പുഷ്പം പോലെ'യാണ് കാണുന്നതെന്നും, വീട്ടുജോലിക്കായി മാത്രം ചുരുക്കപ്പെടാതെ പരിചരണം അർഹിക്കുന്നവരാണെന്നും അദ്ദേഹം മതപരമായ ഉദ്ധരണികളോടെ വിശദീകരിച്ചു.
"സ്ത്രീകൾ വീടിന്റെ മാനേജരാണ്, അല്ലാതെ നിങ്ങളുടെ ദാസിയല്ല. ഒരു പൂവിനെ പരിപാലിക്കുകയും സംരക്ഷിക്കുകയും വേണം, അത് അതിന്റെ നിറവും സൗരഭ്യവും ഗുണങ്ങളും കൊണ്ട് നിങ്ങൾക്ക് സമ്പന്നത നൽകും," അദ്ദേഹം കുറിച്ചു. യു.എസിലെ കുടുംബഘടന തകരാൻ കാരണം അമേരിക്കൻ മുതലാളിത്തമാണെന്നും ഖമേനി ആരോപിച്ചു. "പിതാവില്ലാത്ത കുട്ടികൾ, കുടുംബബന്ധങ്ങൾ ഇല്ലാതാവുക, കുടുംബഘടനയുടെ നാശം, യുവതികളെ ഇരയാക്കുന്ന ഗുണ്ടാസംഘങ്ങൾ, സ്വാതന്ത്ര്യം എന്ന പേരിൽ വർധിച്ചു വരുന്ന ലൈംഗിക അരാജകത്വം! ഇത്തരത്തിലുള്ള ദുരവസ്ഥ പാശ്ചാത്യ രാജ്യങ്ങളിലെ കുടുംബങ്ങളുടെ നില പ്രതിഫലിക്കുന്നു," അദ്ദേഹം കുറിച്ചു. കൂടാതെ, പാശ്ചാത്യ സമൂഹങ്ങളിൽ സ്ത്രീകൾ എങ്ങനെയാണ് 'ഭോഗവസ്തുക്കളായി' ചിത്രീകരിക്കപ്പെടുന്നതെന്നതിന് 'ക്രിമിനൽ സംഘങ്ങളെ' ഖമേനി തെളിവായി ചൂണ്ടിക്കാട്ടി.
സ്ത്രീകളോടും പെൺകുട്ടികളോടുമുള്ള ഇറാൻറെ നിലപാടുകൾ ആഗോള തലത്തിൽ വിമർശിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഖമേനിയുടെ ഈ അഭിപ്രായ പ്രകടനം. സ്ത്രീകളുടെ തുല്യതയുടെ കാര്യത്തിൽ പാശ്ചാത്യ രാജ്യങ്ങൾ ഇറാന് വളരെ മുന്നിലാണെന്ന് സ്വതന്ത്ര മനുഷ്യാവകാശ ഗ്രൂപ്പുകൾ ചൂണ്ടിക്കാട്ടുന്നു. ഇറാനിൽ സ്ത്രീകൾ ലിംഗപരമായ വിവേചനത്തിൻ കീഴിലാണ് ജീവിക്കുന്നതെന്ന് സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് ഇൻ ഇറാൻ വ്യക്തമാക്കുന്നു. ഏഴ് വയസ് മുതൽ നിർബന്ധിത ഹിജാബ്, ഒമ്പത് വയസിൽ പോലും കുട്ടികളെ വിവാഹം കഴിക്കാൻ അനുവദിക്കുന്ന നിയമങ്ങൾ, ഗാർഹിക പീഡനത്തിൽ നിന്നും നിയമപരമായ സംരക്ഷണം ഇല്ലാത്ത അവസ്ഥ എന്നിവ ഇറാന്റെ യാഥാർത്ഥ്യമാണ്.