

ടെഹ്‌റാൻ: രണ്ടാഴ്ചയായി തുടരുന്ന കടുത്ത ജനകീയ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ വിദേശ ശക്തികളാണെന്ന് ആരോപിച്ച് ഇറാൻ സർക്കാർ (Iran Unrest). പ്രക്ഷോഭകാരികളെ പ്രകോപിപ്പിച്ച് ആഭ്യന്തര യുദ്ധത്തിന് വഴിയൊരുക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശ്രമിക്കുന്നതായി ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഖ്ചി കുറ്റപ്പെടുത്തി. പ്രക്ഷോഭം രക്തരൂക്ഷിതമായാൽ സൈനികമായി ഇടപെടുമെന്ന ട്രംപിന്റെ മുന്നറിയിപ്പ് ഭീകരർക്ക് പ്രചോദനമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കുള്ളിൽ 100-ലധികം സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായാണ് ഇറാൻ ഔദ്യോഗിക മാധ്യമങ്ങളുടെ റിപ്പോർട്ട്. എന്നാൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും പ്രതിഷേധക്കാരാണെന്നും മരണസംഖ്യ ഇതിലും കൂടുതലാണെന്നും പ്രതിപക്ഷ ഗ്രൂപ്പുകൾ അവകാശപ്പെടുന്നു. കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർക്കായി രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട ഉദ്യോഗസ്ഥർക്ക് വേണ്ടി പ്രതികാരം ചെയ്യുമെന്നും പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇറാന്റെ ജുഡീഷ്യറി തലവൻ ഗുലാം ഹുസൈൻ മൊഹ്സെനി-എജെയ് വ്യക്തമാക്കി. അതേസമയം, സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കുമെന്ന് ഉറപ്പുനൽകിയ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, 'കലാപകാരികൾക്കെതിരെ' കർശന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
Iran’s government has blamed foreign elements for fueling two weeks of nationwide unrest, with Foreign Minister Araqchi accusing U.S. President Donald Trump of inciting "terrorists" to invite intervention. While state media reported that over 100 security personnel have been killed, opposition activists claim the actual death toll among protesters is significantly higher. Iran’s judiciary has called for decisive measures against rioters, as President Pezeshkian vows to address economic issues while warning against continued violence.