ടെഹ്റാൻ: കർശനമായ വസ്ത്രധാരണ രീതികൾക്കും പൗരസ്വാതന്ത്ര്യ നിഷേധത്തിനുമെതിരെ ഇറാനിൽ 'പുകയുന്ന' പ്രതിഷേധം പുതിയ തലങ്ങളിലേക്ക് കടക്കുന്നു. പരമോന്നത നേതാവിനെ അപമാനിക്കുന്നത് കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമായിട്ടും, പ്രത്യാഘാതങ്ങളെ ഭയക്കാതെയാണ് യുവതികൾ ഭരണകൂടത്തെ പരസ്യമായി വെല്ലുവിളിക്കുന്നത്.(Iranian women defy the regime, Footage of them lighting cigarettes while burning Khamenei's picture goes viral)
വർഷങ്ങളായി തുടരുന്ന കർശനമായ ഹിജാബ് നിയമങ്ങൾക്കും വസ്ത്രധാരണ രീതികൾക്കും എതിരെയുള്ള രോഷമാണിത്. ഖമേനിയുടെ ചിത്രം കത്തിച്ച് യുവതികൾ സിഗരറ്റ് കൊളുത്തുന്ന ദൃശ്യങ്ങൾ വൈറലാവുകയാണ്. രാജ്യത്തെ കടുത്ത വിലക്കയറ്റം, സാമ്പത്തിക തകർച്ച, തൊഴിലില്ലായ്മ എന്നിവ സാധാരണ ജനങ്ങളെ തെരുവിലിറങ്ങാൻ പ്രേരിപ്പിക്കുന്നു.
പ്രതിഷേധങ്ങൾ പുറംലോകം അറിയാതിരിക്കാൻ സർക്കാർ ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിയന്ത്രണങ്ങൾ യുവത്വത്തെ കൂടുതൽ പ്രകോപിപ്പിച്ചു. ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് ശേഷം ഇറാനിലെ യുവതലമുറ ഭരണകൂടത്തെ ഭയപ്പെടുന്നില്ല എന്നതിന്റെ സൂചനയാണ് പുതിയ വീഡിയോകൾ. മുൻ രാജകുമാരൻ റേസ പഹ്‌ലവിയുടെ നേതൃത്വത്തിൽ നടന്ന വലിയ പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് ഇത്തരം വ്യക്തിഗതമായ പ്രതിഷേധങ്ങൾ പുറത്തുവരുന്നത്.