ടെഹ്‌റാൻ: ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ചിത്രങ്ങൾ കത്തിച്ചും ഹിജാബ് നിയമങ്ങൾ ലംഘിച്ചും പ്രതിഷേധം ആളിപ്പടരുന്നു. കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുന്ന രാജ്യത്ത് ഭരണകൂടത്തിന്റെ ചിഹ്നങ്ങളെ പരസ്യമായി അപമാനിച്ചുകൊണ്ടാണ് ജനങ്ങൾ രോഷം പ്രകടിപ്പിക്കുന്നത്.(Iranian people defy religious laws, A sign of fearlessness)
അതീവ ഗുരുതരമായ കുറ്റമായി കണക്കാക്കപ്പെട്ടിട്ടും, ഖമേനിയുടെ ചിത്രങ്ങൾ കത്തിച്ച് അതിൽ നിന്ന് സിഗരറ്റ് കൊളുത്തുന്ന പ്രതിഷേധക്കാരുടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പൊതുസ്ഥലങ്ങളിൽ ശിരോവസ്ത്രങ്ങൾ കൂട്ടിയിട്ട് കത്തിച്ചും സ്ത്രീകൾ പരസ്യമായി പുകവലിച്ചും മതനിയമങ്ങളോടുള്ള പ്രതിഷേധം രേഖപ്പെടുത്തുന്നു.
പ്രതിഷേധം ലോകമറിയാതിരിക്കാൻ ഭരണകൂടം ഇന്റർനെറ്റ്, ടെലിഫോൺ ബന്ധങ്ങൾ വിച്ഛേദിച്ചിരിക്കുകയാണ്. ഭരണകൂടം പുറത്തുവിടുന്ന കണക്കുകൾ പ്രകാരം 40-ഓളം പേർ മാത്രമാണ് കൊല്ലപ്പെട്ടതെങ്കിലും യാഥാർത്ഥ്യം ഇതിലും ഭീകരമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ടെഹ്‌റാനിലെ ആറ് ആശുപത്രികളിൽ നിന്നുള്ള വിവരമനുസരിച്ച് കുറഞ്ഞത് 217 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ ഭൂരിഭാഗം പേരും സുരക്ഷാ സേനയുടെ നേരിട്ടുള്ള വെടിയേറ്റാണ് മരിച്ചത്. പൊതുമുതൽ നശിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകുമെന്ന് പ്രൊസിക്യൂട്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും, മഹ്‌സ അമിനിയുടെ മരണത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ഈ പ്രക്ഷോഭത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ.