Description
Digital Voice of Kerala
Saturday, April 4, 2026

Digital Voice of Kerala
HomeWorldഇറാൻ യുദ്ധം: പ്രതിരോധ ബജറ്റ് 1.5 ലക്ഷം കോടി ഡോളറായി ഉയർത്താൻ...

ഇറാൻ യുദ്ധം: പ്രതിരോധ ബജറ്റ് 1.5 ലക്ഷം കോടി ഡോളറായി ഉയർത്താൻ ട്രംപിൻ്റെ നീക്കം | Iran War

🎙️ Latest Podcast

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം തീവ്രമായ പശ്ചാത്തലത്തിൽ അമേരിക്കയുടെ പ്രതിരോധ ബജറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 1.5 ലക്ഷം കോടി ഡോളറായി ഉയർത്താൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. വൈറ്റ് ഹൗസ് ഇത് സംബന്ധിച്ച നിർദ്ദേശം യുഎസ് കോൺഗ്രസിന് കൈമാറി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം രാജ്യം സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ സൈനിക ചെലവ് വർദ്ധനയാണിത്.(Iran War, Trump moves to increase defense budget)

ട്രംപ് ഭരണകൂടത്തിന്റെ വിപ്ലവകരമായ പദ്ധതികൾക്കായി ബജറ്റിൽ വൻതുക വകയിരുത്തിയിട്ടുണ്ട്. ‘ഗോൾഡൻ ഡോം’ എന്ന അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനം നടപ്പിലാക്കും. ഇതിന്റെ ഭാഗമായുള്ള ബഹിരാകാശ അധിഷ്ഠിത സംവിധാനങ്ങൾക്ക് മാത്രം 20 വർഷത്തിനുള്ളിൽ 542 ബില്യൺ ഡോളർ ചെലവ് വരും.

‘ട്രംപ്-ക്ലാസ്’ യുദ്ധക്കപ്പലുകളുടെ നിർമ്മാണവും ആഭ്യന്തര ഉത്പാദനവും വർദ്ധിപ്പിക്കും. ‘ഗോൾഡൻ ഫ്ലീറ്റ്’ എന്ന പേരിലുള്ള അടുത്ത തലമുറ കപ്പലുകൾക്കായി 65.8 ബില്യൺ ഡോളർ ചിലവിടും. കപ്പൽ നിർമ്മാണത്തിൽ ചൈനയെ മറികടക്കുകയാണ് ലക്ഷ്യം. സൈനികരുടെ ശമ്പളം വർദ്ധിപ്പിക്കാനും നിർദ്ദേശമുണ്ട്. പ്രതിരോധ മേഖലയ്ക്കായി പണം കണ്ടെത്താൻ ആഭ്യന്തര മേഖലയിലെ പ്രധാന പദ്ധതികൾ ട്രംപ് വെട്ടിക്കുറയ്ക്കും. കാലാവസ്ഥാ വ്യതിയാനം, ഭവനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ 73 ബില്യൺ ഡോളറിന്റെ കുറവ് വരുത്തും.

ആരോഗ്യവും ശിശുസംരക്ഷണവും ഉൾപ്പെടെയുള്ള പ്രാദേശിക ഉത്തരവാദിത്തങ്ങൾ അതത് ഗവൺമെന്റുകൾ നോക്കട്ടെ എന്നാണ് ട്രംപിന്റെ നിലപാട്. രാജ്യത്തിന്റെ സൈനിക സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാനുമായുള്ള യുദ്ധത്തിനായി നേരത്തെ ആവശ്യപ്പെട്ട 200 ബില്യൺ ഡോളറിന് പുറമെയാണ് ഈ 1.5 ലക്ഷം കോടി ഡോളർ ആവശ്യപ്പെട്ടിരിക്കുന്നത്. ബജറ്റ് നിർദ്ദേശങ്ങൾ നടപ്പിലാകണമെങ്കിൽ യുഎസ് കോൺഗ്രസിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.