ടെഹ്‌റാൻ: അമേരിക്കയുമായുള്ള നയതന്ത്ര ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിൽ, ഇറാന് പിന്തുണയുമായി റഷ്യയും ചൈനയും രംഗത്തെത്തി (Iran Russia China Joint Naval Exercise). തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിൽ ‘മാരിടൈം സെക്യൂരിറ്റി ബെൽറ്റ് 2026’ (Maritime Security Belt 2026) എന്ന പേരിൽ മൂന്ന് രാജ്യങ്ങളും ചേർന്ന് സംയുക്ത നാവികാഭ്യാസം ആരംഭിച്ചു. ഇറാനെതിരായ ഏതൊരു നീക്കവും ‘തീക്കളിയായിരിക്കുമെന്നും’ അതിന്റെ പ്രത്യാഘാതങ്ങൾ അതീവ ഗുരുതരമായിരിക്കുമെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് മുന്നറിയിപ്പ് നൽകി.
ഒമാൻ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കൻ മേഖലയിലുമായാണ് ഈ സൈനിക അഭ്യാസം നടക്കുന്നത്. റഷ്യയുടെ കരുത്തുറ്റ യുദ്ധക്കപ്പലായ ‘മാർഷൽ ഷാപ്പോഷ്‌നിക്കോവും’ (Marshal Shaposhnikov) ചൈനയുടെ ആധുനിക ഗൈഡഡ് മിസൈൽ ഡിസ്ട്രോയറായ ‘താംഗ്ഷാനും’ (Tangshan) ഇതിൽ പങ്കെടുക്കുന്നുണ്ട്. ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) അത്യാധുനിക മിസൈൽ ബോട്ടുകളും ഡ്രോണുകളും അഭ്യാസത്തിന്റെ ഭാഗമാണ്. ലോകത്തെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമൂസ് കടലിടുക്കിൽ ആദ്യമായാണ് ഇറാൻ ഇത്തരത്തിൽ ഭാഗികമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് സൈനികാഭ്യാസം നടത്തുന്നത്.
അമേരിക്കയുടെ ഭാഗത്തുനിന്ന് ഇറാന് നേരെ ആക്രമണമുണ്ടാകുമെന്ന ശക്തമായ സൂചനകൾക്കിടയിലാണ് ഈ നീക്കം. ഇസ്രായേൽ തീരത്തേക്ക് അമേരിക്ക അയച്ച ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ ‘യുഎസ്എസ് ജെറാൾഡ് ഫോർഡ്’ (USS Gerald R. Ford) ഈ ആഴ്ച തന്നെ മേഖലയിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇറാനെതിരെ സാധ്യമായ സൈനിക നീക്കങ്ങളെ പ്രതിരോധിക്കാനും മേഖലയിലെ തങ്ങളുടെ സ്വാധീനം വ്യക്തമാക്കാനുമാണ് റഷ്യയും ചൈനയും ഇറാന്റെ കൂടെ അണിനിരന്നിരിക്കുന്നത്. ആണവ ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും യുദ്ധത്തിന്റെ മുനമ്പിലാണ് നിലവിൽ ഗൾഫ് മേഖല.



