ടെഹ്‌റാൻ: ഇറാനിൽ ഭരണകൂടവിരുദ്ധ പ്രക്ഷോഭം അടിച്ചമർത്താൻ സുരക്ഷാസേന നടത്തുന്ന നടപടികളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഔദ്യോഗിക കണക്കുകളെക്കാൾ എത്രയോ മടങ്ങ് കൂടുതലാണെന്ന് റിപ്പോർട്ടുകൾ. ജനുവരി 8, 9 തീയതികളിൽ മാത്രം 12,000-ത്തിലധികം പേർ കൊല്ലപ്പെട്ടുവെന്ന് ലണ്ടൻ ആസ്ഥാനമായുള്ള ചാനൽ റിപ്പോർട്ട് ചെയ്തു.(Iran protests, Death toll reportedly exceeds 12,000)
ഇറാനിലെ പ്രക്ഷോഭകരെ 'രാജ്യസ്‌നേഹികൾ' എന്ന് വിശേഷിപ്പിച്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, അവർക്ക് ഉടൻ സഹായമെത്തുമെന്ന് പ്രഖ്യാപിച്ചു. സർക്കാർ സ്ഥാപനങ്ങൾ പിടിച്ചെടുക്കാൻ അദ്ദേഹം ആഹ്വാനം നൽകുകയും, ആവശ്യമെങ്കിൽ സൈനിക നടപടിയുണ്ടാകുമെന്ന സൂചന നൽകുകയും ചെയ്തു.
ഇറാൻ ഭരണകൂടം അതിന്റെ അവസാന നാളുകളിലാണെന്ന് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് അഭിപ്രായപ്പെട്ടു. ജനങ്ങളുടെ നീതിക്കായുള്ള മുറവിളി കേൾക്കാൻ ഇറാൻ തയ്യാറാകണമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്ക് ആവശ്യപ്പെട്ടു. അമേരിക്ക സൈനികമായി ഇടപെട്ടാൽ അതിശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി.
പടിഞ്ഞാറൻ ഇറാനിലെ കെർമാൻഷാ പ്രവിശ്യയിലുള്ള ഇസ്ലാമിക് റവല്യൂഷണറി ഗാർഡിന്റെ താവളം ഇറാനിയൻ-കുർദിഷ് വിമതസേന പിടിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ഡിസംബർ 28-ന് വിലക്കയറ്റത്തിനും കറൻസി മൂല്യത്തകർച്ചയ്ക്കുമെതിരെ തുടങ്ങിയ സാധാരണ പ്രതിഷേധം പിന്നീട് ഭരണകൂടത്തെത്തന്നെ താഴെയിറക്കാനുള്ള വൻ പ്രക്ഷോഭമായി മാറുകയായിരുന്നു.