ടെഹ്‌റാൻ: ഇറാനിൽ ഭരണകൂട വിരുദ്ധ പ്രക്ഷോഭം രക്തരൂഷിതമാകുന്നു. രണ്ടാഴ്ചയായി തുടരുന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്താനുള്ള ഇറാൻ സർക്കാരിന്റെ നീക്കങ്ങളിൽ ഇതുവരെ 538 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്തു. പതിനായിരത്തിലധികം പേരെ ഇതിനോടകം സുരക്ഷാ സേന തടവിലാക്കിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.( Iran protests, Death toll passes 500)
കൊല്ലപ്പെട്ടവരിൽ 490 പേർ പ്രക്ഷോഭകാരികളാണെന്നാണ് കണക്കുകൾ. പ്രക്ഷോഭം അടിച്ചമർത്തുന്നതിനിടെ 48 സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ട്. രാജ്യത്തുടനീളം ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തി വിവരങ്ങൾ പുറംലോകമെത്തുന്നത് തടയാൻ ഇറാൻ ഭരണകൂടം ശ്രമിക്കുന്നുണ്ടെങ്കിലും, തത്സമയ വെടിയുണ്ടകളും ടിയർ ഗ്യാസും ഉപയോഗിച്ച് സേന ജനങ്ങളെ നേരിടുന്ന ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്. ഔദ്യോഗികമായ മരണസംഖ്യ പുറത്തുവിടാൻ ഇറാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.
ഇറാനിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിട്ടുള്ള സൈനിക ഇടപെടലിന് ആലോചിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സൈബർ ആക്രമണങ്ങളോ പരിമിതമായ വ്യോമാക്രമണങ്ങളോ വൈറ്റ് ഹൗസിന്റെ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്.
"ഇറാൻ സ്വാതന്ത്ര്യത്തിലേക്ക് നോക്കുകയാണ്, അവരെ സഹായിക്കാൻ യുഎസ് തയ്യാറാണ്" എന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. പ്രക്ഷോഭകർക്കെതിരായ അതിക്രമം തുടർന്നാൽ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് വാഷിംഗ്ടണിന്റെ മുന്നറിയിപ്പ്. അന്താരാഷ്ട്ര സമ്മർദ്ദം ശക്തമായിട്ടും പിന്മാറാൻ തയ്യാറാകാത്ത ഇറാൻ സർക്കാരിന്റെ നിലപാട് മധ്യേഷ്യയെ കൂടുതൽ സംഘർഷഭരിതമാക്കുകയാണ്.