

ടെഹ്‌റാൻ: ഇറാനിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്കെതിരെ നടക്കുന്ന ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ഭരണകൂടം നടത്തുന്ന ക്രൂരതകളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പ്രതിഷേധങ്ങളിൽ ഇതുവരെ ഏകദേശം 12,000 പേർ കൊല്ലപ്പെട്ടതായി 'ഇറാൻ ഇന്റർനാഷണൽ' വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്തു. ഇറാന്റെ ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയാണിതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
ഭീകരവാദികളെന്ന് ഭരണകൂടം; കൂട്ടക്കൊലയെന്ന് ലോകം
ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് നൽകുന്ന കണക്ക് പ്രകാരം 2,000 പേർ മരിച്ചിട്ടുണ്ട്. എന്നാൽ ഈ മരണങ്ങൾക്ക് പിന്നിൽ 'ഭീകരവാദികൾ' ആണെന്നാണ് ഇറാനിയൻ ഭരണകൂടത്തിന്റെ ഔദ്യോഗിക വാദം. അതേസമയം, സുരക്ഷാ സേനയും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സും ചേർന്ന് ആസൂത്രിതമായ കൂട്ടക്കൊലയാണ് നടത്തുന്നതെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു.
ജനുവരി എട്ട്, ഒമ്പത് തീയതികളിലാണ് ഇറാനിൽ ഏറ്റവും വലിയ രക്തച്ചൊരിച്ചിൽ നടന്നത്. പ്രതിഷേധക്കാർക്ക് നേരെ വെടിയുണ്ടകൾ ഉപയോഗിക്കാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ അനുമതി നൽകിയതായും ഇതിന് പിന്നിൽ അലി ഖമേനിയുടെ നേരിട്ടുള്ള ഉത്തരവുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും 30 വയസ്സിൽ താഴെയുള്ള യുവാക്കളാണ്.
രാജ്യത്ത് കടുത്ത ഇന്റർനെറ്റ് നിയന്ത്രണങ്ങളും വിവരസാങ്കേതിക വിദ്യയ്ക്ക് വിലക്കും ഏർപ്പെടുത്തിക്കൊണ്ട് കൂട്ടക്കൊലയുടെ വ്യാപ്തി മറച്ചുവെക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ആശുപത്രി ജീവനക്കാർ, സാക്ഷികൾ, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ എന്നിവരിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ ക്രോസ് ചെക്ക് ചെയ്താണ് 12,000 എന്ന മരണസംഖ്യ സ്ഥിരീകരിച്ചതെന്ന് ഇറാൻ ഇന്റർനാഷണൽ വ്യക്തമാക്കി. സത്യം ലോകത്തിൽ നിന്ന് മറച്ചുവെക്കാൻ ഇസ്ലാമിക് റിപ്പബ്ലിക്കിന് കഴിയില്ലെന്നും കൊല്ലപ്പെട്ടവരുടെ പേരുകൾ ചരിത്രത്തിൽ രേഖപ്പെടുത്തുമെന്നും മാധ്യമങ്ങൾ പ്രതികരിച്ചു.