

തെഹ്റാൻ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇറാനിൽ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭം ചോരപ്പുഴയായി മാറുന്നു. രണ്ടാഴ്ച പിന്നിടുന്ന പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 116 കടന്നതായി ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി (HRANA) റിപ്പോർട്ട് ചെയ്തു. 2,600-ഓളം പേരെ ഇതിനകം സുരക്ഷാ സേന അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവരെ 'ദൈവത്തിന്റെ ശത്രുക്കളായി' (Moharebeh) കണക്കാക്കുമെന്നും ഇവർക്ക് വധശിക്ഷ നൽകുമെന്നും ഇറാന്റെ അറ്റോർണി ജനറൽ മുഹമ്മദ് മൊവാഹെദി ആസാദ് മുന്നറിയിപ്പ് നൽകി. 86-കാരനായ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ പൂർണ്ണ പിന്തുണയോടെയാണ് പ്രതിഷേധക്കാരെ അടിച്ചമർത്താനുള്ള നീക്കം നടക്കുന്നത്. വിവരങ്ങൾ പുറംലോകം അറിയാതിരിക്കാൻ രാജ്യത്ത് ഇന്റർനെറ്റ്, ഫോൺ ബന്ധങ്ങൾ വിച്ഛേദിച്ചിരിക്കുകയാണ്.
ഇറാൻ മുമ്പൊരിക്കലുമില്ലാത്ത വിധം സ്വാതന്ത്ര്യം കൊതിക്കുന്നുവെന്നും അവരെ സഹായിക്കാൻ യുഎസ് സൈന്യം തയ്യാറാണെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാന്റെ വ്യോമമേഖല നിലവിൽ യുഎസ്, ഇസ്രായേൽ സൈനിക വിമാനങ്ങളുടെ കടുത്ത നിരീക്ഷണത്തിലാണ്. എന്നാൽ ട്രംപിന്റെ ഭീഷണിയെ ഇറാൻ പാർലമെന്റ് സ്പീക്കർ ഖാലിബാഫ് തള്ളി. അമേരിക്ക ആക്രമണത്തിന് മുതിർന്നാൽ യുഎസ് സൈന്യവും ഇസ്രായേലും തങ്ങളുടെ ലക്ഷ്യങ്ങളാകുമെന്ന് അദ്ദേഹം പാർലമെന്റിൽ പറഞ്ഞു.
കലാപത്തിന് പിന്നിലെ കാരണങ്ങൾ:
ഇറാനിയൻ കറൻസിയായ റിയാലിന്റെ മൂല്യം റെക്കോർഡ് തകർച്ചയിലാണ്. വിലക്കയറ്റം 70 ശതമാനത്തിന് മുകളിലെത്തി. 2025 ജൂണിൽ ഇസ്രായേലുമായി നടന്ന 12 ദിവസത്തെ യുദ്ധം ഇറാന്റെ സാമ്പത്തിക അടിത്തറ തകർത്തു. ഈ കാലയളവിൽ മാത്രം റിയാലിന് 60 ശതമാനം മൂല്യത്തകർച്ചയുണ്ടായി. 2015-ലെ ആണവ കരാറിൽ നിന്ന് അമേരിക്ക പിൻമാറിയതോടെ ഏർപ്പെടുത്തിയ കടുത്ത ഉപരോധങ്ങൾ ജനജീവിതം ദുസ്സഹമാക്കി.
പഹ്ലവിയുടെ മടക്കവും ഇസ്രായേൽ പിന്തുണയും അരനൂറ്റാണ്ടായി അമേരിക്കയിൽ കഴിയുന്ന മുൻ ഭരണാധികാരി ഷാ മുഹമ്മദ് റിഷാ പഹ്ലവിയുടെ മകൻ റെസ പഹ്ലവി പ്രതിഷേധക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചു. ജനാധിപത്യം സ്ഥാപിക്കാൻ താൻ തിരിച്ചെത്തുമെന്ന് അദ്ദേഹം അറിയിച്ചു.
ഡിസംബർ 21-ന് ഇസ്രായേൽ ഫാഴ്സി ഭാഷയിൽ പുറത്തുവിട്ട സന്ദേശവും യുവാക്കളെ തെരുവിലിറങ്ങാൻ പ്രേരിപ്പിച്ചു. ഇതോടെ ഇറാന്റെ 31 പ്രവിശ്യകളിലും പ്രക്ഷോഭം ആളിക്കത്തുകയാണ്.