

വാഷിംഗ്ടൺ: ഇറാനിലെ ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങളെത്തുടർന്ന് രാജ്യം കടുത്ത പ്രതിസന്ധിയിലായിരിക്കെ, ഇറാനെതിരെ സൈനിക നടപടി ഉൾപ്പെടെയുള്ള "ശക്തമായ ഓപ്ഷനുകൾ" പരിഗണനയിലുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Iran Military Strike). ഫ്ലോറിഡയിൽ നിന്ന് വാഷിംഗ്ടണിലേക്കുള്ള യാത്രയ്ക്കിടെ എയർഫോഴ്സ് വണ്ണിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറാനിലെ സ്ഥിതിഗതികൾ അമേരിക്കൻ സൈന്യം ഗൗരവമായി നിരീക്ഷിക്കുകയാണെന്നും കടുത്ത തീരുമാനങ്ങൾ ഉടൻ ഉണ്ടായേക്കുമെന്നും ട്രംപ് പറഞ്ഞു. ചർച്ചകൾക്കായി ഇറാൻ നേതൃത്വം താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, അതിന് മുൻപ് തന്നെ സൈനികമായി പ്രതികരിക്കേണ്ടി വന്നേക്കാം എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇറാനിൽ ഭരണകൂടം ഏർപ്പെടുത്തിയ ഇന്റർനെറ്റ് ബ്ലാക്ക്ഔട്ട് മറികടക്കാൻ ഇലോൺ മസ്കിന്റെ സഹായം തേടുമെന്ന് ട്രംപ് വെളിപ്പെടുത്തി. സ്പേസ് എക്സിന്റെ 'സ്റ്റാർലിങ്ക്' ഉപഗ്രഹ ഇന്റർനെറ്റ് സേവനം വഴി ഇറാനിലെ ജനങ്ങൾക്ക് ഇന്റർനെറ്റ് ലഭ്യമാക്കാനാണ് നീക്കം. അമേരിക്ക ആക്രമിച്ചാൽ ഇസ്രായേലിലെ താവളങ്ങളും അമേരിക്കൻ കപ്പലുകളും ലക്ഷ്യമിടുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് തിരിച്ചടിച്ചു.
ഇറാനിൽ ഡിസംബർ 28-ന് തുടങ്ങിയ പ്രക്ഷോഭങ്ങളിൽ ഇതുവരെ 109 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. എന്നാൽ പ്രക്ഷോഭകരിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നൂറുകണക്കിന് വരുമെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. സൈനിക ആക്രമണം, സൈബർ യുദ്ധം, കൂടുതൽ ഉപരോധങ്ങൾ എന്നിവയാണ് അമേരിക്ക ഇറാനെതിരെ പരിഗണിക്കുന്ന മറ്റ് മാർഗ്ഗങ്ങൾ.
US President Donald Trump has warned that Washington is considering "very strong options," including potential military intervention, in response to the escalating anti-government protests in Iran. He also revealed plans to collaborate with Elon Musk to deploy Starlink satellite internet to bypass Iran's 72-hour nationwide blackout, while simultaneously pursuing assertive policies in Venezuela and Greenland. In response, Iranian leaders have vowed to target US bases and Israel if any military action is initiated by the United States.