ടെഹ്‌റാൻ: ഇറാനിൽ പണപ്പെരുപ്പത്തിനും കറൻസി തകർച്ചയ്ക്കുമെതിരെ ആരംഭിച്ച സർക്കാർ വിരുദ്ധ പ്രക്ഷോഭം പതിനൊന്നാം ദിവസത്തിലേക്ക് കടന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന സംഘർഷങ്ങളിൽ മരിച്ചവരുടെ എണ്ണം 36 ആയി ഉയർന്നു. ഇന്നലെ മാത്രം 88 നഗരങ്ങളിലായി 257 സ്ഥലങ്ങളിൽ വൻ പ്രതിഷേധ പ്രകടനങ്ങളാണ് അരങ്ങേറിയത്.(Iran is suffering, Death toll in protests rises to 36)
തലസ്ഥാനമായ ടെഹ്‌റാനിലെ പ്രശസ്തമായ ഗ്രാൻഡ് ബസാറിൽ ധർണ നടത്തിയ പ്രതിഷേധക്കാരെ സൈന്യം അക്രമാസക്തമായി നേരിട്ടു. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇതുവരെ 2,076 പേരെ അറസ്റ്റ് ചെയ്തതായും അറുപതിലധികം പേർക്ക് പരിക്കേറ്റതായും മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നു. ഡിസംബർ 28-ന് ഡോളറിനെതിരെ ഇറാനിയൻ കറൻസിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിൽ രോഷം പ്രകടിപ്പിച്ച് കടയുടമകൾ തെരുവിലിറങ്ങിയതോടെയാണ് പ്രതിഷേധങ്ങൾക്ക് തുടക്കമായത്.
പ്രക്ഷോഭം രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ കൂടുതൽ വഷളാക്കുമെന്നും ജനങ്ങൾ സംയമനം പാലിക്കണമെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ അഭ്യർത്ഥിച്ചു. പ്രതിസന്ധി പരിഹരിക്കാൻ കൂടുതൽ കറൻസികൾ അച്ചടിച്ച് വിതരണം ചെയ്യുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കുടുംബാംഗങ്ങൾക്കൊപ്പം റഷ്യയിലേക്ക് പോകാനൊരുങ്ങുന്നു എന്ന അന്താരാഷ്ട്ര മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ ഇന്ത്യയിലെ ഇറാൻ എംബസി തള്ളി. ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും രാജ്യത്തെ തകർക്കാൻ ശത്രുക്കൾ നടത്തുന്ന പ്രചരണമാണിതെന്നും എംബസി വ്യക്തമാക്കി.