ടെഹ്‌റാൻ: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇറാനിൽ ആരംഭിച്ച ജനകീയ പ്രക്ഷോഭം ആഭ്യന്തര യുദ്ധത്തിന് സമാനമായ സാഹചര്യത്തിലേക്ക് നീങ്ങുന്നു. പ്രക്ഷോഭം അടിച്ചമർത്താൻ ഭരണകൂടം ശ്രമിക്കുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുൻ ഇറാൻ ഷാ ഭരണാധികാരിയുടെ മകൻ റിസാ പഹ്‌ലവി രംഗത്തെത്തി.(Iran flares up, Reza Pahlavi seeks Trump's intervention)
1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം നാടുവിട്ട മുഹമ്മദ് റിസാ പഹ്‌ലവിയുടെ മകൻ റിസാ പഹ്‌ലവി ഇപ്പോൾ യുഎസിലാണ് കഴിയുന്നത്. "പ്രസിഡന്റ്, ഇത് അങ്ങയുടെ ശ്രദ്ധയ്ക്കും പിന്തുണയ്ക്കും നടപടിക്കുമായുള്ള ആഹ്വാനമാണ്. ഇറാനിലെ ജനങ്ങളെ സഹായിക്കാൻ ദയവായി ഇടപെടണം," എന്ന് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ ആവശ്യപ്പെട്ടു.
തുടക്കത്തിൽ ചില നഗരങ്ങളിൽ മാത്രമായിരുന്ന പ്രതിഷേധം ഇപ്പോൾ ഇറാന്റെ 31 പ്രവിശ്യകളിലേക്കും പടർന്നു. സംഘർഷങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 62 ആയതായാണ് വിവരം. 2,500-ഓളം പേരെ പോലീസ് തടങ്കലിലാക്കി. പ്രതിഷേധക്കാർ സംഘടിക്കുന്നത് തടയാൻ രാജ്യത്തൊട്ടാകെ ഇന്റർനെറ്റ് സേവനങ്ങൾ ഭരണകൂടം വിച്ഛേദിച്ചു.
ടെഹ്‌റാനിലെ മസ്ജിദുകൾക്കും സർക്കാർ കെട്ടിടങ്ങൾക്കും പ്രതിഷേധക്കാർ തീയിട്ടു. "ഏകാധിപതികൾ തുലയട്ടെ" എന്ന മുദ്രാവാക്യവുമായാണ് ജനങ്ങൾ തെരുവിലിറങ്ങുന്നത്. പ്രക്ഷോഭകർ ട്രംപിന്റെ ഏജന്റുമാരാണെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമേനി ആരോപിച്ചു. പ്രക്ഷോഭത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്ന് പ്രഖ്യാപിച്ച അദ്ദേഹം, ട്രംപ് ഇറാനിൽ ഇടപെടാൻ നോക്കാതെ സ്വന്തം രാജ്യം ഭരിച്ചാൽ മതിയെന്നും തിരിച്ചടിച്ചു.
ഇറാനിലെ സ്ഥിതിഗതികൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാൻ ഇന്ത്യൻ പൗരന്മാരോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. അവിടെയുള്ള ഇന്ത്യക്കാർ അതീവ ജാഗ്രത പാലിക്കണമെന്നും പ്രതിഷേധ സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും നിർദ്ദേശമുണ്ട്.