ടെൽ അവീവ് : അമേരിക്ക തങ്ങളുടെ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ ഇറാൻ തിരിച്ചടിക്കുന്നു. (Iran backfires US attack)
ജറുസലേം, ടെൽ അവീവ് എന്നിവിടങ്ങളിൽ ഇറാൻ്റെ മിസൈലുകൾ പതിച്ചുവെന്നാണ് റിപ്പോർട്ട്. ഹൈഫ അടക്കം 10 സുപ്രധാന മേഖലകളിൽ ഇറാൻ ആക്രമണം നടത്തി.
ഇസ്രായേലിൽ കനത്ത ജാഗ്രത തുടരുന്നതിനിടെയാണ് ഈ നീക്കം. അമേരിക്ക ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങൾ ആക്രമിച്ച് മണിക്കൂറുകൾക്ക് ശേഷം ആണിത്. ഇറാനിയൻ മിസൈലുകൾ ടെൽ അവീവ്, ഹൈഫ, നെസ് സിയോണ, റിഷോൺ ലെസിയോൺ പ്രദേശം എന്നിവയുൾപ്പെടെ മധ്യ, വടക്കൻ ഇസ്രായേലിന്റെ ചില ഭാഗങ്ങളിൽ പതിച്ചപ്പോൾ സൈറണുകൾ മുഴങ്ങുകയും സ്ഫോടനങ്ങൾ കേൾക്കുകയും ചെയ്തു.
ഇറാനിൽ നിന്ന് വിക്ഷേപിച്ച മിസൈലുകൾ തിരിച്ചറിഞ്ഞതായും ഭീഷണി തടയാൻ രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇസ്രായേൽ സൈന്യം പറയുന്നു.