ജെറുസലേം: ഇറാൻ ആക്രമണത്തെ തുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു രാജ്യം വിട്ടതായി റിപ്പോർട്ട്. നെതന്യാഹു ഏതൻസിൽ അഭയം തേടിയതായാണ് വിവരം. നെതന്യാഹുവിന്റെ ഔദ്യോഗിക വിമാനമായ 'വിങ് ഓഫ് സിയോൺ' രണ്ട് ഫൈറ്റർ ജെറ്റുകളുടെ അകമ്പടിയോടെ പേര് വെളിപ്പെടുത്താത്ത കേന്ദ്രത്തിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു.
വെള്ളിയാഴ്ച രാത്രിയാണ് ഇറാൻ ഇസ്രായേലിൽ മിസൈൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും 70-ഓളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രായേൽ പ്രതിരോധമന്ത്രാലയത്തിന് സമീപം ഇറാൻ മിസൈൽ പതിച്ചു. വൻ സ്‌ഫോടനവും കെട്ടിടത്തിൽ തീപിടിത്തവും ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ യുഎസുമായുള്ള ആണവ ചർച്ചകളിൽ നിന്ന് ഇറാൻ പിൻമാറി. യുഎസുമായുള്ള ചർച്ച അർഥശൂന്യമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മാഈൽ ബാഖി പ്രതികരിച്ചു. ഇറാനെതിരായ ആക്രമണത്തിൽ യുഎസ് ഇസ്രായേലിനെ പിന്തുണയ്ക്കുകയാണെന്നും യുഎസ് അനുമതിയില്ലാതെ ഇസ്രായേൽ ആക്രമണം നടക്കില്ലെന്നും ബാഖി ആരോപിച്ചു.