

തെഹ്റാൻ: രണ്ടാഴ്ച പിന്നിടുന്ന ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിൽ ഇറാൻ കത്തിയെരിയുന്നു. മൂന്ന് വർഷത്തിനിടെയുള്ള ഏറ്റവും വലിയ ജനകീയ മുന്നേറ്റത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. പ്രക്ഷോഭം ശക്തമാക്കി നഗരങ്ങൾ പിടിച്ചെടുക്കാൻ പ്രവാസത്തിൽ കഴിയുന്ന മുൻ ഭരണാധികാരി മുഹമ്മദ് റിസ ഷാ പഹ്‌ലവിയുടെ മകൻ റിസ പഹ്‌ലവി ആഹ്വാനം ചെയ്തതോടെ തെരുവുകൾ കൂടുതൽ അശാന്തമായി.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 64 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഇതിൽ 14 സുരക്ഷാ ഉദ്യോഗസ്ഥരും 48 പ്രതിഷേധക്കാരും ഉൾപ്പെടുന്നു. തലസ്ഥാനമായ തെഹ്‌റാന് പുറമെ മശ്ഹദ്, തബ്രിസ്, ഖുമ്മ് എന്നിവിടങ്ങളിലും പ്രക്ഷോഭം പടരുകയാണ്. ഏകദേശം 2,270 പേരെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തതായാണ് വിവരം. പ്രതിഷേധക്കാരെ പിടികൂടി ശിക്ഷിക്കുമെന്ന് പരമോന്നത നേതാവ് അലി ഖാംനഈ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജനങ്ങൾ പിൻവാങ്ങാൻ തയ്യാറായിട്ടില്ല.
വാർത്തകൾ പുറംലോകത്തെത്തുന്നത് തടയാൻ വ്യാഴാഴ്ച മുതൽ ഇറാനിൽ ഇന്റർനെറ്റ് പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്. ഇത് ഭരണകൂടത്തിന്റെ ക്രൂരതകൾ മറച്ചുവെക്കാനുള്ള നീക്കമാണെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ആരോപിച്ചു. പ്രതിഷേധക്കാർ സർക്കാർ ടെലിവിഷൻ കെട്ടിടത്തിന് തീയിടുകയും 1979-ലെ വിപ്ലവത്തിന് മുൻപുള്ള പഴയ ഇറാൻ പതാക ഉയർത്തുകയും ചെയ്തതായാണ് പുറത്തുവരുന്ന ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്.
പ്രതിഷേധക്കാർക്ക് പിന്തുണയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. പ്രതിഷേധക്കാർക്ക് നേരെ വെടിവെപ്പ് ഉണ്ടായാൽ അമേരിക്ക ഇടപെടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഫ്രാൻസ്, ജർമ്മനി, യു.കെ എന്നീ രാജ്യങ്ങളും ഇറാൻ ഭരണകൂടം സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത പ്രസ്താവനയിറക്കി. ഇറാനിയൻ കറൻസിയായ റിയാലിന്റെ മൂല്യം തകർന്നതും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുമാണ് ജനങ്ങളെ തെരുവിലിറക്കാൻ പ്രേരിപ്പിച്ചത്.