

ടെഹ്‌റാൻ: ഇറാനിൽ ആഴ്ചകളായി തുടരുന്ന പ്രക്ഷോഭം ആസൂത്രിതമായി അക്രമാസക്തമാക്കിയതാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ആരോപിച്ചു (Iran Unrest). പ്രതിഷേധങ്ങൾക്കിടയിൽ രക്തച്ചൊരിച്ചിൽ ഉണ്ടായാൽ സൈനികമായി ഇടപെടുമെന്ന ട്രംപിന്റെ മുന്നറിയിപ്പാണ് "ഭീകരർക്ക്" പ്രക്ഷോഭകരെയും സുരക്ഷാ സേനയെയും ആക്രമിക്കാൻ പ്രേരണയായതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം ഇപ്പോൾ പൂർണ്ണ നിയന്ത്രണത്തിലാണെന്നും വിദേശ ശക്തികളാണ് ഈ കലാപത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിഷേധക്കാർക്ക് ആയുധങ്ങൾ വിതരണം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കൈവശമുണ്ടെന്നും പിടിയിലായവരുടെ കുറ്റസമ്മത മൊഴികൾ ഉടൻ പുറത്തുവിടുമെന്നും ഇറാൻ സർക്കാർ അറിയിച്ചു. പ്രക്ഷോഭത്തിൽ ഇതുവരെ 111 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ കൊല്ലപ്പെട്ട പ്രക്ഷോഭകരുടെ എണ്ണം 500 കടന്നതായാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ കണക്ക്.
രാജ്യവ്യാപകമായി ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനം നാലാം ദിവസത്തിലേക്ക് കടന്നു. ഇത് മനുഷ്യാവകാശ ലംഘനമാണെന്ന് ആംനസ്റ്റി ഇന്റർനാഷണൽ കുറ്റപ്പെടുത്തി. എന്നാൽ സുരക്ഷാ കാരണങ്ങളാലാണ് നിയന്ത്രണമെന്നും ഉടൻ പുനഃസ്ഥാപിക്കുമെന്നും അരാഗ്ചി പറഞ്ഞു. ഇറാൻ ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും എങ്കിലും ഒരു കൂടിക്കാഴ്ചയ്ക്ക് മുൻപ് തന്നെ സൈനിക നടപടി ആവശ്യമായി വന്നേക്കാമെന്നുമാണ് ട്രംപിന്റെ പുതിയ നിലപാട്.
ഇറാനിലെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഡിസംബർ 28-ന് തുടങ്ങിയ പ്രതിഷേധങ്ങൾ ഇപ്പോൾ 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷമുള്ള ഏറ്റവും വലിയ ഭരണകൂട വിരുദ്ധ മുന്നേറ്റമായി മാറിയിരിക്കുകയാണ്. മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച ഇറാൻ സർക്കാർ, തിങ്കളാഴ്ച രാജ്യവ്യാപകമായി 'ദേശീയ പ്രതിരോധ മാർച്ച്' നടത്താനും ആഹ്വാനം ചെയ്തിട്ടുണ്ട്.
Iranian Foreign Minister Abbas Araghchi has accused the US of inciting violence in nationwide protests to create a pretext for military intervention, claiming the situation is now under state control despite reports of over 500 deaths. As a total internet blackout enters its fourth day, President Trump maintains that military options remain on the table while also mentioning potential negotiations with Tehran. The Iranian leadership has declared national mourning for fallen security forces and blames foreign "terrorists" for escalating the unrest that began over economic grievances.