നമ്മുടെ പെൺകുട്ടികൾ അതിരുകളില്ലാതെ പറന്നുയരട്ടെ, ശാക്തീകരിക്കാം നമ്മുടെ പെൺകുട്ടികളെ; ഇന്ന് അന്താരാഷ്ട്ര ബാലികാ ദിനം | International Day of the Girl Child

 International Day of the Girl Child
Published on

"ഒരു പെൺകുട്ടിക്ക് വിദ്യാഭ്യാസം നൽകുമ്പോൾ, നിങ്ങൾ ഒരു രാഷ്ട്രത്തിന് വിദ്യാഭ്യാസം നൽകുന്നു" - ഇത് ഒരു ആഫ്രിക്കൻ പഴഞ്ചൊല്ലാണ്. ഓരോ പെൺകുഞ്ഞിന്റെയും പ്രാധാന്യത്തെയും, അവരുടെ ശാക്തീകരണം ഒരു സമൂഹത്തിന് എത്രത്തോളം അനിവാര്യമാണെന്നതിനെയും അടിവരയിടുന്നതാണ് ഈ വാക്കുകൾ. ഈ പഴഞ്ചൊല്ലിന്റെ പ്രസക്തിയെ എടുത്തുകാട്ടുന്ന ദിനമാണ് ഇന്ന്.

ഇന്ന് അന്താരാഷ്ട്ര ബാലികാദിനം ( International Day of the Girl Child). ലോകമെമ്പാടുമുള്ള പെൺകുട്ടികളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതിനും, അവർ അഭിമുഖീകരിക്കുന്ന ലിംഗവിവേചനം അടക്കമുള്ള വെല്ലുവിളികളെ കുറിച്ച് അവബോധം സമൂഹത്തിൽ വളർത്തുന്നതിനുമായി എല്ലാ വർഷവും ഒക്ടോബർ 11-ന് ലോകം അന്താരാഷ്ട്ര ബാലികാ ദിനം ആചരിക്കുന്നു. ആഗോള തലത്തിൽ പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും, അവർക്കെതിരായ വിവേചനങ്ങൾ ഇല്ലാതാക്കുകയും, വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ, നേതൃപാടവം തുടങ്ങിയ മേഖലകളിൽ അവർക്കു തുല്യാവകാശം ഉറപ്പാക്കുകയും ചെയ്യാനുള്ള ഒരു ആഹ്വാനമാണ് ഈ ദിനം.

ഇന്നും നമ്മുടെ ലോകത്തിന്റെ പല ഭാഗങ്ങളിലായ പെൺകുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസാവകാശം നിഷേധിക്കപ്പെടുന്നു, ശൈശവവിവാഹം, പീഡനം, തൊഴിൽ ചൂഷണം, ലിംഗ അസമത്വം, തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്നു. നമ്മുടെ പെണികുട്ടികൾ സമൂഹത്തിൽ നേരിടുന്ന അനീതികൾക്കെതിരെ നാം ഒത്തുചേർന്ന് പ്രവർത്തിക്കേണ്ടതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനം.

പെൺകുട്ടികൾ അനുഭവിക്കുന്ന വെല്ലുവിളികളിൽ അന്താരാഷ്ട്ര സമൂഹം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ അനിവാര്യത തിരിച്ചറിഞ്ഞതിൽ നിന്നാണ് ഈ ദിനത്തിന്റെ തുടക്കം. പെൺകുട്ടികൾക്ക് നേരിടേണ്ടിവരുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിനുള്ള ഒരു സര്‍ക്കാരിതര, അന്താരാഷ്ട്ര പ്രവര്‍ത്തന പദ്ധതി എന്ന നിലയിലാണ് ഈ ദിനാചരണം ആരംഭിക്കുന്നത്. 1995 -ല്‍ ബീജിംഗിൽ നടന്ന ലോക വനിതാ സമ്മേളനത്തിൽ ( World Conference on Women), പെൺകുട്ടികളുടെ പ്രശ്‌നങ്ങൾക്കു വേണ്ടി ഒരു പ്രത്യേക പരിപാടിക്ക് രൂപം നൽകേണ്ടതിന്റെ അനിവാര്യത തിരിച്ചറിയുന്നു. തുടർന്ന്, 'പ്ലാൻ ഇന്റർനാഷണൽ' എന്ന സർക്കാരിതര സംഘടനയുടെ നിർദ്ദേശപ്രകാരം, 2011 ഡിസംബർ 19-ന് യു.എൻ പൊതുസഭ ഒക്ടോബർ 11 അന്താരാഷ്ട്ര ബാലികാദിനമായി പ്രഖ്യാപിക്കുന്നു. 2012 ഒക്ടോബർ 11-നാണ് ആദ്യത്തെ ബാലികാദിനം ആഘോഷിക്കുന്നത്.

'ഞാൻ എന്ന പെൺകുട്ടി, ഞാൻ നയിക്കുന്ന മാറ്റം: പ്രതിസന്ധിയുടെ മുൻനിരയിലുള്ള പെൺകുട്ടികൾ' (The girl I am, the change I lead: Girls on the frontlines of crisis) എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര ബാലികാ ദിനത്തിന്റെ പ്രമേയം. 2025 ലെ അന്താരാഷ്ട്ര ബാലികാദിനത്തിന്റെ പ്രമേയം, പ്രതിസന്ധി സാഹചര്യങ്ങളിൽ പെൺകുട്ടികളെ വെറും ഇരകളായി കാണാതെ പ്രതിരോധശേഷിയുള്ള നേതാക്കളായും മാറ്റത്തിനുള്ള ഏജന്റുകളായും കാണുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യുദ്ധം, സംഘർഷം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മാനവീയവും പരിസ്ഥിതിയും സംബന്ധമായ പ്രതിസന്ധികൾ പെൺകുട്ടികളെ അനുപാതികമായി കൂടുതൽ ബാധിക്കുന്നു എന്നതാണ് ഈ പ്രമേയം ചുണ്ടികാട്ടുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com