വെറുമൊരു ഭാഷയല്ല, ശബ്ദങ്ങളില്ലാത്ത ലോകത്തെ നിറം ചാർത്തുന്ന ഭാഷ; ഇന്ന് ലോക ആംഗ്യഭാഷാ ദിനം| International Day of Sign Languages

International Day of Sign Languages
Published on

ശബ്ദങ്ങളില്ലാതെ മനുഷ്യന് സംസാരിക്കാനാകുമോ? വാക്കുകൾ ഇല്ലാതെ വികാരങ്ങൾ പങ്കിടുവാൻ സാധിക്കുമോ? സാധിക്കും, ശബ്ദമില്ലാത്തവരുടെ ശബ്ദമാണ് ആംഗ്യഭാഷ. കൈകളും മുഖഭാവങ്ങളും ആശയവിനിമയത്തിന്റെ പ്രധാന മാർഗ്ഗമാക്കുന്ന അതുല്യമായ ഭാഷയാണ് ആംഗ്യഭാഷ. ഇന്ന്, നമ്മുടെ ലോകത്തിലെ ഏഴുകോടിയോളം മനുഷ്യരുടെ ഹൃദയത്തിലെ ഭാഷയാണ് ഇത്. ഇന്ന് സെപ്റ്റംബർ 23, ലോകം ആംഗ്യഭാഷാ ദിനം. (International Day of Sign Languages)

കേൾവിശേഷി കുറഞ്ഞവരുടെയും മൂകരുടെയും ആശയവിനിമയത്തിനുള്ള പ്രധാന ഉപാധിയായ ആംഗ്യഭാഷയുടെ പ്രാധാന്യം ലോകമെമ്പാടുമുള്ള ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക ആംഗ്യഭാഷാ ദിനം ആചരിച്ചുപോരുന്നത്. ബധിരരുടെ 135-ാമത് ദേശീയ സംഘടനകളുടെ കൂട്ടായ്മയായ 'വേൾഡ് ഫെഡറേഷൻ ഓഫ് ദി ഡെഫ്' (WFD) ആണ് ആംഗ്യഭാഷാ ദിനം ആചരിക്കാൻ തീരുമാനിക്കുന്നത്. 2017-ൽ ചേർന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഈ പ്രമേയം അംഗീകരിക്കുയുണ്ടായി, അങ്ങനെ 2018 മുതൽ സെപ്റ്റംബർ 23 അന്താരാഷ്ട്ര ആംഗ്യഭാഷാ ദിനമായി ആചരിക്കാൻ തീരുമാനിക്കുന്നു. 1951-ൽ WFD സ്ഥാപിതമായതിന്റെ ഓർമ്മ പുതുക്കുന്നതിനാണ് സെപ്റ്റംബർ 23 തന്നെ തിരഞ്ഞെടുക്കുവാനുള്ള കാരണം.

ആംഗ്യഭാഷാ ദിനം ശബ്ദങ്ങളോ സംസാരങ്ങളോ ഇല്ലാത്ത ഒരു ലോകത്തിന്റെ ആഘോഷമാണ്. കൈകളുടെയും വിരലുകളുടെയും ചലനങ്ങൾ മാത്രമല്ല ആംഗ്യഭാഷ, മുഖഭാവങ്ങളും ശരീരഭാഷയും ഇതിൽ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഏഴുകോടി ജനങ്ങളാണ് ആംഗ്യഭാഷ ഉപയോഗിക്കുന്നത്. ലോകത്ത് 300-ലധികം വ്യത്യസ്ത ആംഗ്യഭാഷകൾ നിലവിലുണ്ട്. വ്യത്യസ്ത രാജ്യങ്ങൾക്ക് അവരുടേതായ ആംഗ്യഭാഷയുണ്ട്. ബധിര സമൂഹത്തിന് അവരുടെ വികാരങ്ങൾ പുറംലോകത്തിന് മുന്നിൽ തുറന്നു കാട്ടുന്നതിനു ഈ മനോഹരമായ ഭാഷ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

ബധിരരായ ധാരാളം ആളുകൾ ആശയങ്ങൾ, വിവരങ്ങൾ, വികാരങ്ങൾ എന്നിവ മറ്റുള്ളവരുമായി ആശയവിനിമയം നടത്താൻ ആംഗ്യഭാഷ ഉപയോഗിക്കുന്നു. അവരിൽ പലർക്കും ആംഗ്യഭാഷ ഉപയോഗിക്കുന്നത് ഏറ്റവും സുഖകരമാണ്, അത് അവരുടെ വ്യക്തിത്വത്തിന്റെ ഒരു പ്രധാന ഭാഗവുമാണ്. ബധിരരായ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ അല്ലെങ്കിൽ സഹപാഠികൾ എന്നിവരുമായി നന്നായി ആശയവിനിമയം നടത്താനും അവരെ കൂടുതൽ ഉൾക്കൊള്ളാനും മനസ്സിലാക്കാനും കേൾവിശക്തിയുള്ള വ്യക്തികൾ പലപ്പോഴും ആംഗ്യഭാഷ പഠിക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com