ദാരിദ്ര്യം വെറും ദൗർഭാഗ്യമല്ല, മനുഷ്യാവകാശ ലംഘനമാണ്; ഇന്ന് അന്താരാഷ്ട്ര ദാരിദ്ര്യ നിർമാർജന ദിനം | International Day for the Eradication of Poverty

690 ദശലക്ഷത്തിലധികം മനുഷ്യർ ഇപ്പോഴും അതിതീവ്ര ദാരിദ്ര്യത്തിൽ ജീവിക്കുന്നു
 International Day for the Eradication of Poverty
Published on

ഇന്ന് ഒക്ടോബർ 17, അന്താരാഷ്ട്ര ദാരിദ്ര്യ നിർമാർജന ദിനം. ആഗോള വെല്ലുവിളിയായ ദാരിദ്ര്യത്തെ കുറിച്ച് അവബോധം വളർത്തുന്നതിനും, ദാരിദ്ര്യത്താൽ വലയുന്നു മനുഷ്യരുടെ പോരാട്ടങ്ങളെയും പരിശ്രമങ്ങളെയും തിരിച്ചറിയുക, അവരുടെ ശബ്ദങ്ങൾ കേൾക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. കേവലം വരുമാനത്തിന്റെ കുറവ് മാത്രമല്ല ദാരിദ്ര്യം, ആരോഗ്യം, സുരക്ഷിതമായ പാർപ്പിടം, വിദ്യാഭ്യാസം, അന്തസ്സുള്ള ജീവിതം എന്നിവ നിഷേധിക്കപ്പെടുന്ന അവസ്ഥകൂടിയാണ്. 1987 ഒക്ടോബർ 17-ന് പാരീസിൽ നടന്ന ചരിത്രപരമായ ഒത്തുചേരലിന്റെ ഓർമ്മ പുതുക്കിയാണ് 1992-ൽ ഐക്യരാഷ്ട്രസഭ (യുഎൻ) ഈ ദിനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. (International Day for the Eradication of Poverty)

ദാരിദ്ര്യത്തിന്റെ കണക്കുകളും യാഥാർത്ഥ്യവും

ദാരിദ്ര്യത്തിന്റെ ആഴം വ്യക്തമാക്കുന്ന കണക്കുകൾ ഞെട്ടിക്കുന്നതാണ്. 690 ദശലക്ഷത്തിലധികം മനുഷ്യർ ഇപ്പോഴും അതിതീവ്ര ദാരിദ്ര്യത്തിൽ ജീവിക്കുന്നു. ലോകബാങ്ക് കണക്കുകൾ പ്രകാരം പ്രതിദിനം, 3 ഡോളർ (263 രൂപയിൽ) താഴെ ചിലവഴിച്ച് ജീവിക്കുന്നവരാണ് 'അത്യന്ത ദാരിദ്ര്യരേഖക്ക്' കീഴിലുള്ളവർ. നമ്മുടെ ലോകത്ത് ഇത്തരത്തിൽ ജീവിക്കുന്നവർ 60 കോടിയിലധികമാണ്. ഇവരിൽ ഭൂരിഭാഗവും ആഫ്രിക്കയിലെയും ഏഷ്യയിലെയും വികസനോന്മുഖ രാജ്യങ്ങളിലെയും നിവാസികളാണ്. ലോക ജനസംഖ്യയുടെ പകുതിയോളം പേർ പ്രതിദിനം $6.85-ൽ (602 രൂപ) (താഴെ വരുമാനമുള്ളവരാണ്. ഇത് സൂചിപ്പിക്കുന്നത്, ഒരു ചെറിയ സാമ്പത്തിക ആഘാതം പോലും ലക്ഷക്കണക്കിന് കുടുംബങ്ങളെ കഷ്ടപ്പാടുകളിലേക്ക് തള്ളിവിടും എന്നാണ്. ഇത് കൂടാതെ, 110 കോടിയോളം മനുഷ്യർ, 'ബഹുമുഖ ദാരിദ്ര്യം' നേരിടുന്നു, ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നിവയിലെ കുറവുകളും അനുഭവിക്കുന്നു. ഇത് രാജ്യങ്ങൾക്കിടയിലുള്ളതിനേക്കാൾ വലിയ അസമത്വങ്ങൾ രാജ്യങ്ങൾക്കുള്ളിൽ സൃഷ്ടിക്കുന്നു.

ദാരിദ്ര്യത്തിന്റെ ബഹുമുഖ സ്വഭാവം

ദാരിദ്ര്യം ഒരു സ്ഥിരമായ അവസ്ഥയല്ല, കുടുംബങ്ങൾ പലപ്പോഴും അതിൽ നിന്ന് പുറത്തുവരികയും വീണ്ടും അതിലേക്ക് വീഴുകയും ചെയ്യുന്നു. അതിനാൽ, മനുഷ്യർ ദാരിദ്ര്യത്തിലേക്ക് വീഴുന്നത് തടയുന്ന പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നത്, അവരെ ദാരിദ്ര്യത്തിൽ നിന്ന് ഉയർത്തുന്നതിനേക്കാൾ പ്രധാനമാണ്. കാലാവസ്ഥാ ആഘാതങ്ങളും സംഘർഷങ്ങളും ദാരിദ്ര്യം വർദ്ധിപ്പിക്കുന്ന പ്രധാന ഘടകങ്ങളിൽ ഉൾപ്പെടുന്നു. ലോകത്തിലെ ഏറ്റവും ദരിദ്രരായ പകുതി ജനങ്ങളും ആഗോള കാർബൺ പുറന്തള്ളലിന് ചെറിയ പങ്കുവഹിക്കുമ്പോഴും, കാലാവസ്ഥാ വ്യതിയാനം മൂലമുള്ള വരുമാന നഷ്ടത്തിന്റെ വലിയൊരു പങ്ക് വഹിക്കുന്നു. അതുപോലെ, സംഘർഷ മേഖലകളിൽ കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്നവരുടെ എണ്ണം കുത്തനെ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, അക്രമവും അസ്ഥിരതയും ജനസംഖ്യയുടെ വലിയൊരു വിഭാഗത്തെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നു.

പരിഹാരമാർഗ്ഗങ്ങളും മുന്നോട്ടുള്ള വഴിയും

സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (SDG 1) പ്രധാന ലക്ഷ്യം തന്നെ ദാരിദ്ര്യ നിർമാർജനമാണ്. ദാരിദ്ര്യം ഒരു മനുഷ്യാവകാശ ലംഘനമാണ്, അതിനാൽ കേവലം സാമ്പത്തിക സഹായത്തിൽ മാത്രം ഒതുങ്ങാതെ, എല്ലാവർക്കും തുല്യ അവസരങ്ങളും സാമൂഹിക നീതിയും ഉറപ്പാക്കുന്ന സമഗ്രമായ നയങ്ങൾ നടപ്പിലാക്കണം. കാലാവസ്ഥാ നീതി, സംഘർഷ പരിഹാരം, സാമൂഹിക സംരക്ഷണം എന്നിവ ഉറപ്പാക്കേണ്ടതുണ്ട്. ഏറ്റവും പ്രധാനമായി, ദാരിദ്ര്യത്തിൽ ജീവിക്കുന്നവരെ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകളിലും തീരുമാനങ്ങളിലും പങ്കാളികളാക്കുക എന്നത് അനിവാര്യമാണ്. 'എല്ലാവർക്കും അന്തസ്സ്' എന്ന തത്വം യാഥാർത്ഥ്യമാക്കുന്നതിന്, ഈ ലക്ഷ്യത്തിനായി ഒരുമിച്ച് പ്രവർത്തിക്കാനുള്ള ആഹ്വാനമാണ്.

ലോകത്തിനായി ഒരു സന്ദേശം

ഈ വർഷത്തെ അന്താരാഷ്ട്ര ദാരിദ്ര്യ നിർമാർജന ദിനത്തിന്റെ പ്രമേയം, "കുടുംബങ്ങൾക്ക് ബഹുമാനവും ഫലപ്രദമായ പിന്തുണയും ഉറപ്പാക്കിക്കൊണ്ട് സാമൂഹികവും സ്ഥാപനപരവുമായ ദുരുപയോഗം അവസാനിപ്പിക്കുക" എന്നതാണ്. ദാരിദ്ര്യം അനുഭവിക്കുന്നവരോട് സംവിധാനങ്ങളും സ്ഥാപനങ്ങളും കാണിക്കുന്ന പെരുമാറ്റം (ഉദാഹരണത്തിന്, വിധി കൽപ്പിക്കൽ, അനാവശ്യ പരിശോധനകൾ, ശിക്ഷാ നടപടികൾ) അവരുടെ ദുരിതം വർദ്ധിപ്പിക്കുന്നു എന്ന യാഥാർത്ഥ്യത്തെയാണ് ഈ പ്രമേയം ഊന്നിപ്പറയുന്നത്. സ്ഥാപനപരമായ വിശ്വാസം വളർത്തുന്നതിനും, വരുമാന പിന്തുണയും ഗുണമേന്മയുള്ള ശിശു പരിപാലനവും പോലുള്ള കുടുംബങ്ങളെ ശക്തിപ്പെടുത്തുന്ന സേവനങ്ങൾക്ക് മുൻഗണന നൽകുന്നതിനും ഈ ദിനം ആഹ്വാനം ചെയ്യുന്നു. കൂടാതെ, ദാരിദ്ര്യത്തിൽ കഴിയുന്ന കുടുംബങ്ങളുടെ ശബ്ദം കേൾക്കാനും അവരുമായി ചേർന്ന് പരിഹാരങ്ങൾ കണ്ടെത്താനും ഈ പ്രമേയം ആവശ്യപ്പെടുന്നു.

Related Stories

No stories found.
Times Kerala
timeskerala.com