

ജക്കാർത്ത: ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള എഐ ചാറ്റ്ബോട്ട് ആയ 'ഗ്രോക്കിന്' (Grok) താൽക്കാലിക നിരോധനമേർപ്പെടുത്തി ഇന്തോനേഷ്യ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് അശ്ലീല ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്നു എന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടി. ഗ്രോക്കിനെ നിരോധിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാണ് ഇന്തോനേഷ്യ.
ലളിതമായ ടെക്സ്റ്റ് പ്രോംപ്റ്റുകൾ (Text Prompts) ഉപയോഗിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ ലൈംഗികമായി ചിത്രീകരിക്കാൻ ഗ്രോക്ക് ഉപയോക്താക്കളെ അനുവദിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത് മനുഷ്യാവകാശങ്ങളുടെയും പൗരന്മാരുടെ സുരക്ഷയുടെയും ഗുരുതരമായ ലംഘനമാണെന്ന് ഇന്തോനേഷ്യൻ കമ്മ്യൂണിക്കേഷൻ ഡിജിറ്റൽ കാര്യ മന്ത്രാലയം വ്യക്തമാക്കി.
വിഷയത്തിൽ അടിയന്തര വിശദീകരണം നൽകണമെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ (X) പ്രതിനിധികളോട് ഇന്തോനേഷ്യൻ സർക്കാർ ആവശ്യപ്പെട്ടു. വിവാദങ്ങളെത്തുടർന്ന് ഗ്രോക്കിന്റെ ആഗോളതലത്തിലുള്ള പ്രവർത്തനം പലയിടങ്ങളിലും പണമടയ്ക്കുന്ന വരിക്കാർക്ക് (Paid Subscribers) മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റൽ മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കർശനമായ നിലപാടാണ് ഇന്തോനേഷ്യ സ്വീകരിച്ചിരിക്കുന്നത്.
ശനിയാഴ്ച വൈകുന്നേരം വരെ ചില എക്സ് അക്കൗണ്ടുകളിൽ ഗ്രോക്ക് സജീവമായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഔദ്യോഗികമായ നിരോധന ഉത്തരവ് നിലവിൽ വന്നതോടെ വരും ദിവസങ്ങളിൽ പൂർണ്ണമായും നിയന്ത്രണം ഏർപ്പെടുത്തും.