വാഷിങ്ടൺ: ആഗോള വിപണിയിൽ ഇന്ത്യ ഒരു പ്രബല ശക്തിയായി മാറിക്കൊണ്ടിരിക്കുകയാണെന്നും അമേരിക്കയുടെ സാമ്പത്തിക മേഖലയിൽ ഇന്ത്യ നൽകുന്ന സംഭാവനകൾ പാകിസ്താനേക്കാൾ വളരെ വലുതാണെന്നും യുഎസ് കോൺഗ്രസ് അംഗം റിച്ച് മക്കോർമിക്. വാഷിങ്ടണിൽ നടന്ന 'സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ്' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(India's growth is far ahead of Pakistan's, US Congress member warns America)
30 കോടിയോളം ജനസംഖ്യയുണ്ടായിട്ടും അമേരിക്കയിലേക്ക് നിക്ഷേപങ്ങൾ എത്തിക്കുന്നതിൽ പാകിസ്താൻ പരാജയമാണെന്ന് മക്കോർമിക് ചൂണ്ടിക്കാട്ടി. എന്നാൽ ഇന്ത്യ യുഎസിൽ നിന്ന് നിക്ഷേപം സ്വീകരിക്കുന്നതിനൊപ്പം വലിയ തോതിൽ അമേരിക്കൻ വിപണിയിൽ തിരികെ നിക്ഷേപം നടത്തുകയും ചെയ്യുന്നുണ്ട്.
അമേരിക്കൻ കമ്പനികൾ കോടിക്കണക്കിന് ഡോളർ നിക്ഷേപിക്കാൻ താല്പര്യപ്പെടുന്നത് ഇന്ത്യയിലാണെന്നും പാകിസ്താനിലല്ലെന്നും ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ആമി ബെറ വ്യക്തമാക്കി. ഇന്ത്യയിലെ വളർന്നുവരുന്ന മധ്യവർഗം ആഗോള വിപണിയിലെ വലിയ ചാലകശക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ ലോകത്തിന് മികച്ച പ്രതിഭകളെയും വിവിധ മേഖലകളിലെ തൊഴിൽ നൈപുണ്യമുള്ളവരെയുമാണ് വാർത്തെടുത്ത് നൽകുന്നതെന്ന് റിച്ച് മക്കോർമിക് പ്രകീർത്തിച്ചു.
ഇന്ത്യയെ സുഹൃത്തുക്കളായി ചേർത്തുനിർത്തുന്നത് അമേരിക്കയുടെ സമാധാനത്തിനും അഭിവൃദ്ധിക്കും അനിവാര്യമാണ്. ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നത് അമേരിക്കയ്ക്ക് വലിയ തിരിച്ചടിയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.