

ഇന്ത്യക്കാർ ലോകത്തിന്റെ എവിടെ പോയാലും ഇന്ത്യക്കാർ തന്നെ ആയിരിക്കും എന്നതിന് ഒരു ഉദാഹരണമാണ് അങ്ങ് ഫ്രാൻസിൽ നിന്നും വരുന്നത്. ചെലവ് കുറയ്ക്കാൻ വീടിന് പുറത്തു അയ കെട്ടി തുണി വിരിക്കുന്ന ഇന്ത്യൻ യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. (Indian Wife in France)
ഫ്രാന്‍സിലെ ലിയോണിലാണ് സംഭവം. വീടിന് പുറത്ത് സ്വയം നനച്ച തുണികൾ അയ കെട്ടി വിരിക്കുന്ന ഭാര്യയോട് ഫ്രാൻസിൽ ഇതൊന്നും അനുവദനീയമല്ലെന്നും ഭർത്താവ് പറയുന്നു. എന്നാൽ ഇന്ത്യക്കാരിയായ ഭാര്യ ഫ്രാന്‍സില്‍ വസ്ത്രം അലക്കാന്‍ കൊടുക്കുന്നത് ഏറെ ചെലവേറിയ കാര്യമാണെന്നും അതിനാലാണ് താന്‍ വസ്ത്രം സ്വയം അലക്കാന്‍ തീരുമാനിച്ചതെന്നും ഇതിന് മറുപടി നല്‍കുന്നു. തുണി അലക്കാന്‍ കൊടുക്കുമ്പോള്‍ നാട്ടിലെ 400 രൂപ വരെ ചെലവ് വരുമെന്നും ആ അധിക ചെലവ് ഒഴിവാക്കാനാണ് താന്‍ ഇത് സ്വയം ചെയ്തതെന്നും ഭാര്യ പറയുന്നു.
ഇത് പിടിക്കപ്പെട്ടാല്‍ രക്ഷപ്പെടാനുള്ള സൂത്രവും അവര്‍ പങ്കുവെയ്ക്കുന്നുണ്ട്. ഇങ്ങനെ തുണി ഉണക്കുന്നതിനെതിരെ സ്വദേശികളായ ആരെങ്കിലും പരാതി പറഞ്ഞാല്‍ അവര്‍ പറഞ്ഞതൊന്നും മനസിലാകാത്ത പോലെ നടിച്ചാല്‍ ഫ്രഞ്ച് മനസിലാകാത്തതുകൊണ്ടാണ് താന്‍ മിണ്ടാതിരിക്കുന്നതെന്ന് അവര്‍ വിചാരിച്ചോളുമെന്നും യുവതി വീഡിയോയില്‍ പറയുന്നുണ്ട്.
ഭാര്യ തന്നെയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. 'ഭാര്യയെ വിദേശത്തേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് നൂറു തവണ ആലോചിക്കണം' എന്ന ക്യാപ്ഷനും വീഡിയോയ്ക്ക് നല്‍കിയിട്ടുണ്ട്. ഒരാഴ്ച മുമ്പ് പങ്കുവെച്ച ഈ വീഡിയോ ഇതുവരെ 16 ലക്ഷം പേരാണ് കണ്ടത്.