വാഷിങ്ടൻ: ഹമാസ് ആശയങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് ഇന്ത്യൻ വംശജനായ ഗവേഷക വിദ്യാർഥിയെ യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് കസ്റ്റഡിയിലെടുത്ത് നാട് കടത്താൻ ശ്രമമെന്ന് റിപ്പോർട്ട്. ഹമാസിനെ പിന്തുണച്ചെന്നാരോപിച്ച് രഞ്ജിനി ശ്രീനിവാസൻ എന്ന ഗവേഷക വിദ്യാർഥി സ്വയം നാടുകടന്നെന്ന വാർത്തകൾക്ക് പിന്നാലെയാണ് മറ്റൊരു ഇന്ത്യക്കാരൻ നാടുകടത്തൽ ഭീഷണി നേരിടുന്നത്. യുഎസിലെ ജോർജ്ടൗൺ സർവകലാശാലയിൽ പഠിക്കുന്ന ബാദർ ഖാൻ സുരി എന്ന ഗവേഷക വിദ്യാർഥിയാണ് ഇപ്പോൾ നാടുകടത്തൽ ഭീഷണി നേരിടുന്നത്.
ബാദർ ഖാൻ സുരി, ഹമാസ് ആശയങ്ങൾ പ്രചരിപ്പിക്കുകയും സമൂഹമാധ്യമത്തിൽ യഹൂദ വിരോധം വളർത്താൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി അസിസ്റ്റന്റ് സെക്രട്ടറി ട്രിഷ്യ മക്‌ലോക്‌ലിൻ പറഞ്ഞത്.
തിങ്കളാഴ്ച രാത്രി ‘മുഖംമൂടി ധരിച്ചെത്തിയ’ സംഘം വിർജീനിയയിൽ ബാദർ താമസിച്ച വീട്ടിൽനിന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു കൊണ്ടുപോയതെന്നാണ് റിപ്പോർട്ട്. ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയിൽ നിന്നാണെന്നു പറഞ്ഞെത്തിയ സംഘം ബാദറിന്റെ വീസ റദ്ദാക്കിയതായും അറിയിച്ചു.
ട്രംപ് ഭരണകൂടം കുടിയേറ്റ നിയമത്തിലെ അപൂര്‍വ്വമായി ഉപയോഗിക്കുന്ന ഒരു വകുപ്പാണ് സൂരിക്കെതിരെ ചുമത്തിയിട്ടുള്ളത്. യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ വിദേശനയത്തിന് ഭീഷണിയായി കണക്കാക്കപ്പെടുന്ന പൗരന്മാരല്ലാത്തവരെ നാടുകടത്താന്‍ സ്റ്റേറ്റ് സെക്രട്ടറിക്ക് അധികാരം നല്‍കുന്നതാണ് ആ വകുപ്പ്.