ന്യൂയോർക്ക്: യുഎസിൽ 23കാരിയായ ഇന്ത്യൻ വിദ്യാർഥിനിയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ ബപട്‌ല ജില്ലയിലെ കർമേചേഡു സ്വദേശിനിയായ രാജ്യലക്ഷ്മി യർലഗഡയെയാണ് കഴിഞ്ഞദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെ ഒപ്പംതാമസിക്കുന്നവരാണ് രാജ്യലക്ഷ്മിയെ മരിച്ചനിലയില്‍ കണ്ടത്. ഇതിന് മുന്‍പുള്ള ദിവസങ്ങളില്‍ രാജ്യലക്ഷ്മിക്ക് കടുത്ത ചുമയും നെഞ്ചുവേദനയും അനുഭവപ്പെട്ടിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. വിദ്യാര്‍ഥിനിയുടെ മരണകാരണം എന്താണെന്നതില്‍ ഇതുവരെ വ്യക്തതയില്ല.
ടെക്സാസ് എ ആൻഡ് എം യൂണിവേഴ്സിറ്റി- കോർപ്പസ് ക്രിസ്റ്റിയിൽ നിന്ന് അടുത്തിടെ ബിരുദം നേടിയ രാജ്യലക്ഷ്മി, ജോലി തേടുന്നതിന്റെ ഭാഗമായി യുഎസിൽ തുടരുകയായിരുന്നു.അതേസമയം, ആന്ധ്രാപ്രദേശിലെ രാജ്യലക്ഷ്മിയുടെ കുടുംബത്തെ സഹായിക്കാനായി ടെക്സസിലെ ഡെന്റണിൽ ഗോ ഫണ്ട്‌മീയിലൂടെ ചൈതന്യ ധനസമാഹരണ യജ്ഞം ആരംഭിച്ചിട്ടുണ്ട്.