ന്യൂയോർക്ക്: അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്ക് സിറ്റിയുടെ മേയറായി ഇന്ത്യൻ വംശജനായ സൊഹ്‌റാൻ മംദാനി അധികാരമേറ്റു. ചരിത്രത്തിലാദ്യമായാണ് ഒരു മുസ്ലീം വ്യക്തിയും ദക്ഷിണേഷ്യൻ വംശജനും ന്യൂയോർക്ക് മേയർ പദവിയിലെത്തുന്നത്. ഇന്ന് പുലർച്ചെ 12.01-ന് മാൻഹാട്ടനിലെ ചരിത്രപ്രസിദ്ധമായ, 'ഓൾഡ് സിറ്റി ഹാൾ' സബ്‌വേ സ്റ്റേഷനിൽ വെച്ചായിരുന്നു ആദ്യ സത്യപ്രതിജ്ഞാ ചടങ്ങ്.(Indian-origin Zohran Mamdani takes oath as New York's first Muslim mayor by touching the Quran)
മനോഹരമായ ആർച്ച് മേൽക്കൂരകളാൽ പ്രശസ്തമായതാണ് പഴയ സിറ്റി ഹാൾ സബ്‌വേ സ്റ്റേഷൻ. സാധാരണക്കാർക്കായി പടുത്തുയർത്തിയ പൊതുഗതാഗത സംവിധാനത്തോടുള്ള തന്റെ പ്രതിബദ്ധത വ്യക്തമാക്കാനാണ് മംദാനി ഈ വേദി തിരഞ്ഞെടുത്തത്. ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഖുറാനിൽ കൈവെച്ചാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്.
ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് (പ്രാദേശിക സമയം) സിറ്റി ഹാൾ പ്ലാസയിൽ വെച്ച് പൊതു സത്യപ്രതിജ്ഞ നടക്കും. അമേരിക്കൻ പുരോഗമന രാഷ്ട്രീയത്തിലെ പ്രമുഖനായ സെനറ്റർ ബെർണി സാൻഡേഴ്‌സായിരിക്കും ഈ ചടങ്ങ് നിയന്ത്രിക്കുക. റെപ്രസെന്റേറ്റീവ് അലക്സാണ്ട്രിയ ഒക്കേഷ്യ കോർട്ടസും (AOC) ചടങ്ങിൽ സംസാരിക്കും.
പ്രശസ്ത ഇന്ത്യൻ സിനിമാ സംവിധായിക മീര നായരുടെയും ഉഗാണ്ടൻ എഴുത്തുകാരനും പ്രൊഫസറുമായ മഹമൂദ് മംദാനിയുടെയും മകനാണ് സൊഹ്‌റാൻ. മുൻപ് ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗമായിരുന്ന അദ്ദേഹം, ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് എന്ന നിലയിൽ വാടക മരവിപ്പിക്കൽ, സൗജന്യ ബസ് യാത്ര തുടങ്ങിയ പുരോഗമനപരമായ വാഗ്ദാനങ്ങളിലൂടെയാണ് ജനശ്രദ്ധ നേടിയത്.
ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങൾക്കെതിരെ ന്യൂയോർക്കിനെ ഒരു 'സങ്കേത നഗരമായി' നിലനിർത്തുക എന്ന വലിയ ദൗത്യമാണ് മംദാനിയെ കാത്തിരിക്കുന്നത്. ട്രംപിന്റെ നയങ്ങളെ കടുത്ത ഭാഷയിൽ വിമർശിക്കുന്ന മംദാനിയുടെ വിജയം അമേരിക്കൻ രാഷ്ട്രീയത്തിലെ പുരോഗമന പക്ഷത്തിന്റെ വലിയ മുന്നേറ്റമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. അധികാരമേറ്റതിന് പിന്നാലെ ബ്രോഡ്‌വേയിലെ 'കാന്യോൺ ഓഫ് ഹീറോസിൽ' വലിയ ബ്ലോക്ക് പാർട്ടിയും നഗരസഭ സംഘടിപ്പിച്ചിട്ടുണ്ട്.