അബോധാവസ്ഥയിലായ യാത്രക്കാരിയെ പീഡിപ്പിച്ചു; ഇന്ത്യൻ വംശജനായ ടാക്സി ഡ്രൈവർ കാലിഫോർണിയയിൽ അറസ്റ്റിൽ | Indian Origin Arrest USA
കാലിഫോർണിയ: അമേരിക്കയിൽ ടാക്സി വിളിച്ച യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഇന്ത്യൻ വംശജനായ സിമ്രൻജിത്ത് സിംഗ് സെഖോൺ (35) അറസ്റ്റിലായി. കാലിഫോർണിയയിലെ കാമറില്ലോ നഗരത്തിലാണ് മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്.
നവംബർ 27-ന് പുലർച്ചെ ഒരു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. തൗസൻഡ് ഓക്സിലെ ഒരു ബാറിൽ നിന്ന് വീട്ടിലേക്ക് പോകാനാണ് 21-കാരിയായ യുവതി ടാക്സി വിളിച്ചത്. മദ്യലഹരിയിലായിരുന്ന യുവതി യാത്രയ്ക്കിടെ കാറിൽ മയങ്ങിപ്പോയി. ഈ അവസരം മുതലെടുത്ത പ്രതി, യുവതിയുടെ വീടെത്തിയെന്ന് ആപ്പിൽ രേഖപ്പെടുത്തിയ ശേഷം യാത്ര അവസാനിപ്പിച്ചു. എന്നാൽ യുവതിയെ ഇറക്കിവിടാതെ അബോധാവസ്ഥയിൽ കാമറില്ലോ നഗരത്തിൽ ചുറ്റിസഞ്ചരിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.
പീഡനത്തിന് ശേഷം യുവതിയെ താമസസ്ഥലത്ത് ഇറക്കിവിട്ടു. ബോധം വന്നപ്പോഴാണ് താൻ പീഡിപ്പിക്കപ്പെട്ട വിവരം യുവതി അറിയുന്നത്. തുടർന്ന് മേജർ ക്രൈംസ് സെക്ഷ്വൽ അസോൾട്ട് യൂണിറ്റിൽ നൽകിയ പരാതിയിലാണ് അന്വേഷണം നടന്നത്.
ഡിസംബർ 15-നാണ് സിമ്രൻജിത്ത് സിംഗ് സെഖോൺ അറസ്റ്റിലാകുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതി താൻ നിരപരാധിയാണെന്ന് വാദിച്ചു. നിലവിൽ 500,000 ഡോളർ (ഏകദേശം 4.16 കോടി രൂപ) ജാമ്യത്തുക നിശ്ചയിച്ച് പ്രതിയെ തടവിൽ പാർപ്പിച്ചിരിക്കുകയാണ്.
ഇയാളുടെ ജാമ്യാപേക്ഷയിൽ ഡിസംബർ 29-ന് കോടതി വീണ്ടും വാദം കേൾക്കും.

