

എഡ്‌മോണ്ടൺ: കാനഡയിലെ എഡ്‌മോണ്ടണിൽ ആശുപത്രി അധികൃതരുടെ അനാസ്ഥയെത്തുടർന്ന് ചികിത്സ ലഭിക്കാതെ ഇന്ത്യൻ വംശജൻ മരിച്ചു. എഡ്‌മോണ്ടണിൽ താമസിക്കുന്ന 44 വയസ്സുകാരനായ പ്രശാന്ത് ശ്രീകുമാറാണ് ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചത്. കടുത്ത നെഞ്ചുവേദനയുമായി എത്തിയ പ്രശാന്തിനെ എട്ടു മണിക്കൂറിലേറെ ആശുപത്രി വരാന്തയിൽ കാത്തുനിർത്തിയെന്ന് പിതാവ് കുമാർ ശ്രീകുമാർ ആരോപിച്ചു.(Indian-origin man dies in Canada after waiting 8 hours in hospital due to medical negligence)
ഡിസംബർ 22-ന് ജോലിസ്ഥലത്ത് വെച്ചാണ് പ്രശാന്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ അദ്ദേഹത്തെ തെക്കുകിഴക്കൻ എഡ്‌മോണ്ടണിലെ ഗ്രേ നൺസ് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പ്രാഥമിക പരിശോധനയ്ക്ക് ശേഷം അദ്ദേഹത്തോട് കാത്തിരിക്കാൻ ആശുപത്രി അധികൃതർ ആവശ്യപ്പെടുകയായിരുന്നു.
വേദന സഹിക്കാനാകുന്നില്ലെന്ന് പ്രശാന്ത് ആവർത്തിച്ച് പറഞ്ഞിട്ടും അധികൃതർ കാര്യമായി പരിഗണിച്ചില്ലെന്ന് പിതാവ് പറയുന്നു. ഇതിനിടെ ഇസിജി എടുത്തുവെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞ് വീണ്ടും മടക്കി. ഇടയ്ക്കിടെ രക്തസമ്മർദ്ദം പരിശോധിച്ച നേഴ്സ് അത് കൂടിയും കുറഞ്ഞും നിൽക്കുന്നത് ശ്രദ്ധിച്ചിട്ടും അടിയന്തര ചികിത്സ നൽകിയില്ല. വേദനയ്ക്ക് 'ടൈലനോൾ' മാത്രമാണ് നൽകിയതെന്ന് കുടുംബം ആരോപിക്കുന്നു. ഒടുവിൽ എട്ടു മണിക്കൂറിന് ശേഷം എമർജൻസി റൂമിലേക്ക് വിളിപ്പിച്ചപ്പോഴേക്കും പ്രശാന്ത് കുഴഞ്ഞുവീണിരുന്നു. പിന്നാലെ മരണം സംഭവിച്ചു.