

ന്യൂയോർക്ക്: ഒരേ സമയം രണ്ട് മുഴുസമയ ജോലികൾ ചെയ്തതിലൂടെ പൊതുമുതൽ തട്ടിയെടുത്ത കേസിൽ ഇന്ത്യൻ വംശജൻ യു.എസിൽ അറസ്റ്റിൽ. മെഹുൽ ഗോസ്വാമി (39) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കുറ്റം തെളിഞ്ഞാൽ 15 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
മെഹുൽ ഗോസ്വാമി ഒരേ സമയം രണ്ട് സ്ഥാപനങ്ങളിലായാണ് ജോലി ചെയ്തിരുന്ത്. ന്യൂയോർക്ക് സ്റ്റേറ്റ് ഓഫീസിലെ ഇൻഫർമേഷൻ ടെക്നോളജി സർവീസസിൽ വിദൂര ജീവനക്കാരനായി (Remote Employee). അതേസമയം , സ്വകാര്യ സെമികണ്ടക്ടർ കമ്പനിയായ ഗ്ലോബൽഫൗണ്ട്രീസിൽ കരാർ അടിസ്ഥാനത്തിലും ജോലി നോക്കി.
ഒരേ സമയം രണ്ട് മുഴുവൻ സമയ ജോലികൾ ചെയ്തതിലൂടെ മെഹുൽ, 50,000 ഡോളറിലധികം (ഏകദേശം 41 ലക്ഷം രൂപ) വരുന്ന നികുതിദായകന്റെ പണം 'മോഷ്ടിച്ചു' എന്നാണ് ന്യൂയോർക്ക് ഇൻസ്പെക്ടർ ജനറൽ ലൂസി ലാങ് ആരോപിക്കുന്നത്.ഒരു സ്വകാര്യ സ്ഥാപനത്തിൽ പൂർണ്ണസമയ ജോലി ചെയ്യുമ്പോൾ തന്നെ സംസ്ഥാനത്തിന് വേണ്ടി ജോലി ചെയ്യുന്നു എന്ന് അവകാശപ്പെടുന്നത് പൊതു സ്വത്തിൻ്റെ ദുരുപയോഗമാണെന്നും ഇൻസ്പെക്ടർ ജനറൽ വ്യക്തമാക്കി.മെഹുൽ ഗോസ്വാമിയെ പിന്നീട് ജാമ്യമില്ലാതെ വിട്ടയച്ചെങ്കിലും നിയമനടപടികൾ ഇപ്പോഴും പുരോഗമിക്കുകയാണ്.